ജെറിറ്റ് കൊടുങ്കാറ്റിനു പിന്നാലെ ബ്രിട്ടനെ വലച്ച് ഹെൻക്; ലണ്ടനിലും ആഞ്ഞുവീശി
Mail This Article
ലണ്ടൻ∙ പുതുവൽസരത്തലേന്ന് ബ്രിട്ടനെ പിടിച്ചുലച്ച ജെറിറ്റ് കൊടുങ്കാറ്റിനു പിന്നാലെ ലണ്ടൻ നഗരത്തെ ഉൾപ്പെടെ വലച്ച് ആഞ്ഞുവീശി ഹെൻക് കൊടുങ്കാറ്റ്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനെയും വെയിൽസിനെയും പിടിച്ചുലച്ച് ഹെൻക് കൊടുങ്കാറ്റ് നാശം വിതച്ചത്. നാടും നഗരവും ഇളക്കിയുള്ള കാറ്റിന്‍റെ സംഹാരം ഇപ്പോഴും തുടരുകയാണ്. കാറ്റിനൊപ്പം മഴകൂടിയായതോടെ ജനജീവിതം ദുസ്സഹമായി. എക്സെറ്റർ, ഡെവൺ എന്നിവിടങ്ങളിലാണ് ഏറ്റവും ശക്തമായി കാറ്റ് വീശിയത് മണിക്കൂറിൽ 81 മൈൽ വേഗതയിലായിരുന്നു ഇവിടെ ഹെൻകിന്‍റെ പ്രഹരം. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഓർഫിങ്ടനിലും ഗ്രീനിച്ചിലും പാഡിങ്ടൺ ഉൾപ്പെടെയുള്ള നഗരത്തിന്‍റെ മറ്റിടങ്ങളിലും കാറ്റ് ഒട്ടേറെ നാശം വിതച്ചു. റെയിൽ ഗതാഗതവും താറുമാറായി.
മരങ്ങൾ വീണും വാഹനങ്ങൾ നിയന്ത്രണം വിട്ടും നിരവധി റോഡുകളിൽ ഗതാഗതം മുടങ്ങി. എനർജി നെറ്റവർക്ക് അസോസിയേഷന്‍റെ കണക്കുപ്രകാരം 38,000 പേർക്ക് വൈദ്യുതി വിതരണം മുടങ്ങി. 360 ഫ്ലഡ് അലേർട്ടുകളാണ് വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ലണ്ടൻ നഗരത്തെ ചുറ്റിയുള്ള എം-25 മോട്ടോർ വേയിൽ ഡാർട്ട്ഫോർഡ് പാലം അടച്ചതോടെ മണിക്കൂറികൾ നീണ്ട ട്രാഫിക്കാണ് അനുഭവപ്പെട്ടത്. ഇന്നും ഹെൻക് കൊടുങ്കാറ്റിന്‍റെ താണ്ഡവം തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്