തണുത്ത് വിറച്ച് സ്വീഡൻ; 25 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ജനുവരിയിലെ രാത്രിയെ നേരിട്ട് രാജ്യം
Mail This Article
നോർഡിക്‌സ്∙ സ്വീഡനിൽ 25 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ജനുവരിയിലെ രാത്രിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോർഡിക്‌സിൽ ഒമൈനസ് 43.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 1999 ന് ശേഷം സ്വീഡനിലെ ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ ഏജൻസിയായ എസ്എംഎച്ച്ഐയിലെ കാലാവസ്ഥാ നിരീക്ഷകനായ മത്തിയാസ് ലിൻഡ് എഎഫ്‌പിയോട് പറഞ്ഞു.
1999, 1951 വർഷങ്ങളിൽ ജനുവരിയിൽ, മൈനസ് 49 ഡിഗ്രി സെൽഷ്യസ് (മൈനസ് 56.2 ഫാരൻഹീറ്റ്) സ്വീഡനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് രാജ്യത്ത് ജനുവരിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറത്ത താപനില. സ്വീഡന്റെ വടക്കുഭാഗത്തുള്ള ക്വിക്ക്‌ജോക്ക്-അരെൻജാർക്ക സ്റ്റേഷനിലാണ് ബുധനാഴ്ചത്തെ താപനില ഏറ്റവും കുറഞ്ഞ നിലയിലാണ് . 1888-ൽ താപനില അളക്കാൻ തുടങ്ങിയ ശേഷം ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിതെന്ന് ലിൻഡ് പറഞ്ഞു.സ്വീഡന്റെ വടക്ക് ഭാഗത്തുള്ള മറ്റ് പല സ്റ്റേഷനുകളിലും മൈനസ് 40 ഡിഗ്രിയിൽ താഴെയാണ് താപനില രേഖപ്പെടുത്തിയത്.
സ്വീഡനിലും അയൽരാജ്യമായ ഫിൻലൻഡിലും ട്രെയിനുകൾ തടസ്സപ്പെട്ടു. വടക്കൻ ലാപ്‌ലാൻഡ് മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരം മൈനസ് 38.7 സെൽഷ്യസിന്‍റെ സീസണൽ റെക്കോർഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലും ജലവിതരണ പൈപ്പുകൾ മരവിച്ചതോ പൊട്ടിപ്പോയതോ ആയ നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.