യുകെയിൽ കെയർഹോം അന്തേവാസികളെ ഉപദ്രവിച്ച മൂന്ന് കെയറർമാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
Mail This Article
ലണ്ടൻ ∙ യുകെയിൽ കെയർഹോം അന്തേവാസികളെ ഉപദ്രവിച്ച മൂന്ന് കെയറർമാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഒരാൾക്ക് 18 മാസം ജയിലും മറ്റുള്ളവർക്ക് രണ്ട് വർഷം കസ്റ്ററ്റോഡിയാൽ ശിക്ഷയുമാണ് ക്രോയ്‌ഡൺ ക്രൗൺ കോടതി വിധിച്ചത്. സൗത്ത് ലണ്ടനിലെ സട്ടണിലുള്ള ഗ്രോവ് ഹൗസിൽ പഠനവൈകല്യമുള്ള അന്തേവാസികളാണ് കെയറർമാരുടെ ഉപദ്രവത്തിന് ഇരയായത്. കെയറർമാർ അന്തേവാസികളെ തല്ലുകയും വാക്കാൽ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ജോർജിയോസ് സ്‌കോർഡൗലിസ് (28), അഹമ്മദ് ഹസനെൻ (54) എന്നിവർക്കാണ് 24 മാസത്തെ കസ്റ്റഡിയും അലക്‌സ് നസ്രത്ത് (30) എന്നയാൾക്ക് 18 മാസത്തെ ജയിൽ ശിക്ഷയും ലഭിച്ചത്. മിക്ക താമസക്കാർക്കും എല്ലാ ദിവസവും ശാരീരിക ആക്രമണങ്ങൾ ഏൽക്കുന്നത് കണ്ടിട്ടുണ്ട് എന്നാണ് പ്രതികളുടെ സഹജീവനക്കാർ വിചാരണ വേളയിൽ കോടതിയോട് പറഞ്ഞത്. 2019 ജനുവരിയിൽ കെയർ ഹോം ആരംഭിച്ച് ഏതാനം മാസങ്ങൾക്ക് ശേഷം ഒരു ജീവനക്കാരൻ മെട്രോപൊളിറ്റൻ പൊലീസിൽ വിവരങ്ങൾ അറിയിച്ചപ്പോഴാണ് ഉപദ്രവങ്ങൾ നടക്കുന്ന സംഭവം വെളിപ്പെട്ടത്.
ബെഞ്ചമിൻ ഡാനിയൽസ് എന്ന 24 കാരനെയാണ് പ്രതികൾ ഉപദ്രവിക്കുന്നത് സഹജീവനക്കാർ കണ്ടത്. കഠിനമായ പഠന വൈകല്യവും വളരെ കുറച്ച് ആശയവിനിമയ വൈദഗ്ധ്യവുമുള്ള ബെഞ്ചമിൻ ഡാനിയൽസിനെ പ്രതികൾ നഗ്നനനാക്കി നിർത്തി മിക്കപ്പോഴും ഉപദ്രവിക്കുക പതിവായിരുന്നു. ഉപദ്രവത്തിന് ശേഷം മുറിയിൽ പൂട്ടിയിടുക പതിവായിരുന്നു. ഇത്തരത്തിൽ നിരവധി അന്തേവാസികളെ പ്രതികൾ ഉപദ്രവിച്ചിട്ടുണ്ടെന്ന് കോടതി വിചാരണ വേളയിൽ കണ്ടെത്തി. ഗ്രോവ് ഹൗസ് ഇപ്പോൾ മറ്റൊരു കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്.