ആലേഖ് : രാജാരവിവർമ്മ ചിത്രകലയുടെ ദൃശ്യാവിഷ്കാരം
Mail This Article
ലിവർപൂൾ ∙ രാജാരവിവർമ്മയുടെ പ്രശസ്തമായ ചിത്രങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ലിവർപൂളിലെ വിസ്റ്റൺ ആൻഡ് സെന്റ്. ഹെലൻസ് കൂട്ടായ്മയുടെ ക്രിസ്മസ്, ന്യൂഇയർ ആഘോഷപരിപാടികളിൽ അരങ്ങേറിയത്. മൺമറഞ്ഞുപോയ രാജാരവിവർമ്മ എന്ന മഹാപ്രതിഭയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുവാനും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രരചനകളിലെ ഏതാനും ചില ചിത്രങ്ങൾ തിരഞ്ഞെടുത്ത്, ആ രചനകളിലെ കഥാപാത്രങ്ങളായി തങ്ങളെത്തന്നെ കാണികൾക്ക് മുൻപിൽ തികഞ്ഞ തന്മയത്വത്തോടുകൂടെ അവതരിപ്പിക്കുവാനും അവർക്ക് സാധിച്ചു എന്നത് തികച്ചും പ്രശംസനാർഹമാണ്. ചിത്രങ്ങളിൽ രവിവർമ്മ തന്റെ കഥാപാത്രത്തെ എങ്ങനെ അണിയിച്ചൊരുക്കിയോ, അതേപോലെ തന്നെ ചേലയുടുത്ത് ആഭരണങ്ങളണിഞ്ഞ് മികവുറ്റ ദൃശ്യവിരുന്നൊരുക്കുവാൻ മാസങ്ങൾ നീണ്ടുനിന്ന പരിശ്രമത്താൽ അവർക്ക് സാധിച്ചു എന്നത്, അതിനാൽതന്നെ കാണികളെ വിസ്മയഭരിതരാക്കി.
അമ്മയുടെ മാറോടു ചേർന്ന് തലചായ്ചിരുന്ന് രംഗപ്രവേശനം ചെയ്ത ഒന്നര വയസ്സുകാരി എമിലി ജിജോ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന കാഴ്ചയാണ് സമ്മാനിച്ചത്. ഷാരോൺ ലിസ്‌ബത്ത് ജിമ്മിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഈ പരിപാടിയിൽ മഞ്ജു ജോർജ്, അഭി നായർ, ചിഞ്ചു ജോസഫ്, ക്രിസ്റ്റി മരിയ ബേബി, ജിലു ജിജോ, ജോമിനി ജോയി, ലൈബി വർഗ്ഗീസ്, ക്രിസ്റ്റീനാ സണ്ണി, മരീനാ ജോസഫ്, റ്റീനാ സണ്ണി, സിമി ജോസഫ്, സിമി ജിജോ, ഡോ. വീണാ ഗീതാ, ദിവ്യാ ജോബി, റീനാ കേദാർ, കേദാർ ധൊപ്പട്ടെ തുടങ്ങിയവർ പങ്കാളികളായി.