വാട്ടർഫോർഡ് മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി
Mail This Article
വാട്ടർഫോർഡ് ∙ കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന ഡബ്യൂഎംഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം ബാലിഗണർ ജിഎഎ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് മേയർ ജോഡി പവർ നിർവഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത കൗൺസിലർ ജയ്സൺ മർഫി ആശംസകൾ നേർന്നു. പ്രസിഡണ്ട് അനൂപ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദികരായ ജോമോൻ കാക്കനാട്ട്, മാത്യു. കെ. മാത്യു, ജോബിമോൻ സ്‌കറിയ എന്നിവർ ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്നു. അസോസിയേഷന്‍റെ മുൻകാലങ്ങളിലെ പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ എന്നിവരെ സമ്മേളനത്തിൽ മേയർ മൊമെന്റോ നൽകി ആദരിച്ചു. ബോബി ഐപ്പ് സ്വാഗതവും സെക്രട്ടറി നെൽവിൻ റാഫേൽ നന്ദിയും പറഞ്ഞു.
അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും നാല്പതോളം പുതുമ നിറഞ്ഞ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്,മാർഗംകളി, 'എന്റെ മലയാളം' കുട്ടികളുടെ കരോൾ ഗാനങ്ങൾ, ഡബ്യൂഎംഎ ക്വയർ ഗ്രൂപ്പിന്റെ കരോൾ ഗാനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ആഘോഷരാവിന് മാറ്റുകൂട്ടി. സമ്മാനക്കൂപ്പൺ വിജയികൾക്ക് ആകർഷണങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു.
തകർപ്പൻ പാട്ടുകളുമായി വേദിയിലെത്തിയ ഏഞ്ചൽ ബീറ്റ്സിന്റെ ഗാനമേളയ്ക്കൊപ്പം സദസ് ഒന്നാകെ താളം ചവിട്ടി. ക്രിസ്മസ് ഡിന്നറോടെ ആഘോഷങ്ങൾ സമാപിച്ചു. ഷാജു ജോസ്, നീതു ജോൺ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു. വേൾഡ് നാച്ചുറൽ ബോഡി ബിൽഡിങ് ഫെഡറേഷൻ ചാംപ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ അയർലൻഡിനെ പ്രതിനിധീകരിക്കുകയും ചെയ്ത അസോസിയേഷൻ അംഗം റോഷൻ കുര്യാക്കോസിനെ പരിപാടിയിൽ ആദരിച്ചു. പ്രസിഡന്‍റ് അനൂപ് ജോൺ ഉപഹാരം കൈമാറി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്‍റെ ക്രിസ്മസ് പുതുവത്സര പരിപാടികൾ വൻ വിജയമാക്കിയ മുഴുവൻ അംഗങ്ങളോടും സ്പോൺസേഴ്സിനോടും ഡബ്യൂഎംഎ കമ്മിറ്റി നന്ദി പറഞ്ഞു.