മകളെ 24 വർഷത്തോളം നിലവറയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച ഓസ്ട്രിയൻ കൊടുംകുറ്റവാളിയെ അതീവ സുരക്ഷാ ജയിലിൽ നിന്നും മാറ്റിയേക്കും
Mail This Article
വിയന്ന∙ മകളെ 24 വർഷത്തോളം നിലവറയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച ഓസ്ട്രിയൻ ലൈംഗിക കുറ്റവാളി ഒസെഫ് ഫ്രിറ്റ്‌സലിനെ അതീവ സുരക്ഷാ ജയിലിൽ നിന്ന് മാറ്റിയേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മകളിൽ നിന്നും ഒസെഫ് ഫ്രിറ്റ്‌സലിന് ഏഴ് കുട്ടികൾ ജനിച്ചു. ലോകത്തെ ഞെട്ടിച്ച കേസിൽ പ്രതിക്ക് കോടതി 2009ൽ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. നിലവിൽ 88 വയസ്സുള്ള ഒസെഫ് ഫ്രിറ്റ്‌സലിന് മറവിരോഗം ബാധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഇതോടെ പ്രതി ഇനി പൊതുസമൂഹത്തിന് ഭീഷണിയാകില്ലെന്നും കരുതപ്പെടുന്നു.
പ്രതിയെ സാധാരണ ജയിലിലേക്ക് മാറ്റണമോയെന്ന കാര്യത്തിൽ കോടതി തീരുമാനം എടുക്കും. മാനസിക വിഭ്രാന്തിയുള്ള കുറ്റവാളികൾക്കായുള്ള ഉയർന്ന സുരക്ഷാ സംവിധാനമുള്ള ക്രെംസ് ആൻ ഡെർ ഡോനൗ പട്ടണത്തിലെ സ്റ്റെയിൻ ജയിലിലാണ് ഒസെഫ് ഫ്രിറ്റ്‌സലിൽ ഇപ്പോൾ കഴിയുന്നത്. ഓസ്ട്രിയയിൽ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് 15 വർഷത്തെ ശിക്ഷയ്ക്ക് ശേഷം ഉപാധികളോട് പരോളിന് അർഹതയുണ്ട്. നിയമപ്രകാരം നിലവിൽ പ്രതിക്ക് ഇതിന് അർഹതയുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. മാനുഷിക പരിഗണന വച്ച് പേരു മാറ്റിയ ശേഷം പ്രതിയെ കെയർ ഹോമിലേക്ക് മാറ്റുന്നതും പരിഗണിക്കാമെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു.
അതേസമയം, 2022ൽ, ഒരു പ്രാദേശിക കോടതി ഒസെഫ് ഫ്രിറ്റ്‌സൽ 'ഇനി സമൂഹത്തിന് ഭീഷണിയല്ല ' എന്നും പ്രതിയെ ഒരു സാധാരണ ജയിലിലേക്ക് മാറ്റാമെന്നും വിധിച്ചിരുന്നു. ഈ വിധി വിയന്നയിലെ ഹയർ റീജനൽ കോടതി റദ്ദാക്കി. ഓസ്ട്രിയയുടെ ക്രിമിനൽ ചരിത്രത്തിലെ കൊടുംകുറ്റവാളികളുടെ ഗണത്തിലാണ് പ്രതി ഉൾപ്പെട്ടിരിക്കുന്നത്. അവഗണനയിലൂടെ സ്വന്തം കുട്ടികളിലൊരാളെ കൊലപ്പെടുത്തി, പീഡനം, മകളെ അടിമയാക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. പ്രതി പിടിലായ ശേഷം ഫ്രിറ്റ്‌സലിന്റെ മകളും അവരുടെ കുട്ടികളും പുതിയ ഐഡന്റിറ്റികൾ സ്വീകരിച്ചാണ് പുതുജീവിതം തുടങ്ങിയത്.