വിദ്യാർഥികളിൽ നിന്നും ആക്രമണം; 'ഇടി' കൊണ്ട് മടുത്ത സ്‌കൂള്‍ അധ്യാപകര്‍ പണിമുടക്കിൽ
Mail This Article
വെയിൽസ് ∙ വിദ്യാർഥികളിൽ നിന്നും പതിവായി ആക്രമണം നേരിടുന്നതിന്റെ പേരിൽ വെയിൽസിലെ ഒരു സ്കൂളിൽ അധ്യാപകർ പണിമുടക്കിൽ. സൗത്ത് വെയില്‍സ് ബാരിയിലെ 1100 വിദ്യാർഥികള്‍ പഠിക്കുന്ന പെന്‍കോഡെറ്റര്‍ ഹൈ സ്‌കൂളിലാണ് വേറിട്ട സംഭവങ്ങള്‍. സെപ്റ്റംബറിൽ പുതിയ അധ്യായന വര്‍ഷം തുടങ്ങിയ ശേഷം ഇതുവരെ 136 വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് നടപടി സ്വീകരിക്കേണ്ടി വന്നിരിക്കുന്നത്. 'ഇടി' കൊണ്ട് മടുത്ത സ്‌കൂള്‍ അധ്യാപകര്‍ പലപ്പോഴും ഓഫിസ് മുറികളിൽ കതക് അടച്ചു ഇരിക്കേണ്ട അവസ്ഥയാണെന്ന് പണിമുടക്കിലുള്ള അധ്യാപകർ പറയുന്നു.
സൗത്ത് വെയില്‍സില്‍ 34 മില്യൻ പൗണ്ട് ചെലവിട്ടാണ് പുതുതായി സ്കൂൾ നിർമിച്ചത്. ലണ്ടനില്‍ നിന്നും ആര്‍ക്കിടെക്ടുകള്‍ എത്തി വ്യത്യസ്തമായി ഒരുക്കിയ സ്‌കൂളിന്റെ രൂപകൽപന ആക്രമണത്തിന് പ്രധാന വഴിയൊരുക്കുന്നു എന്നാണ് ആരോപണം. തുറസായ രീതിയിലുള്ള ഡിസൈന്‍ ആണ് അക്രമത്തിന് കാരണമെന്ന് അധ്യാപകർ ആരോപിച്ചു. സ്‌കൂളിന്റെ മധ്യഭാഗത്ത് ഒരുക്കിയിട്ടുള്ള ഫ്യൂച്ചര്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് കൂട്ടമായി നില്‍ക്കാനും പോരാട്ടങ്ങളിലേക്ക് വഴിവയ്ക്കാനും കാരണമാകുന്നുവെന്ന് അധ്യാപകര്‍ പറയുന്നു.
സ്‌കൂളില്‍ ജോലി ചെയ്യുന്നത് ഭയക്കേണ്ട കാര്യമായി മാറിയെന്ന് പണിമുടക്കിന് നേതൃത്വം നൽകുന്ന നാഷനൽ അസോസിയേഷൻ ഓഫ് സ്കൂൾമാസ്റ്റേഴ്സ് യൂണിയൻ ഓഫ് വുമൺ ടീച്ചേഴ്‌സ് (എന്‍എഎസ്‌യുഡബ്യുടി) പറയുന്നു. പുതിയ അധ്യായന വര്‍ഷം ആരംഭിച്ച ശേഷം ആക്രമണത്തെ തുടർന്ന് 50 ഗുരുതര ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
യുകെയിലെ നിയമങ്ങള്‍ പ്രകാരം വിദ്യാർഥികളെ സ്വയരക്ഷയ്ക്ക് കൈകാര്യം ചെയ്താലും ശിക്ഷ ലഭിക്കുക അധ്യാപകര്‍ക്കാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് അധ്യാപകരുടെ പണിമുടക്ക്. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലങ്കിൽ പണിമുടക്ക് തുടരുമെന്ന് അധ്യാപകര്‍ വ്യക്തമാക്കിയിട്ടുണ്ട്.