കെയ്റ്റ് മിഡിൽടൺ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി; ചാൾസ് രാജാവും ആശുപത്രിയിലേക്ക്
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് രാജവംശത്തിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കെയ്റ്റ് മിഡിൽടൺ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായി. രാജകുമാരി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നുവെന്ന് കെൻസിങ്ടൺ കൊട്ടാരം വെളിപ്പെടുത്തി. ഈ വാർത്ത പുറത്തുവന്ന് അധികം കഴിയും മുമ്പുതന്നെ ശസ്ത്രക്രിയക്കായി ചാൾസ് മൂന്നാമൻ രാജാവും അടുത്ത ആഴ്ച ആശുപത്രിയിൽ പ്രവേശിക്കുമെന്ന വാർത്തയും ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്കുശേഷമാണ് കെയ്റ്റ് മിഡിൽടൺ രാജകുമാരിയെ സെൻട്രൽ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജകുമാരിയുടെ അടിവയറ്റിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ എന്താണ് അസുഖമെന്നും ചികിത്സയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങളും കൊട്ടാരം പുറത്തുവിട്ടിട്ടില്ല. അതേസമയം രാജകുമാരിയുടെ അസുഖം അർബുദവുമായി ബന്ധപ്പെട്ടതല്ലെന്ന് കൊട്ടാരം വ്യക്തമാക്കി. എന്നാൽ രണ്ടാഴ്ചയോളം രാജകുമാരി ആശുപത്രിയിൽ തന്നെ കഴിയുകയും മൂന്നുമാസത്തോളം കൊട്ടാരത്തിൽ ചികിത്സയിൽ കഴിയുകയും ചെയ്യും.
എങ്കിലും രാജകുമാരിയുടെ അസുഖം സങ്കീർണ്ണവും ഗുരുതരവുമാണെന്ന നിഗമനത്തിലാണ് ബ്രിട്ടിഷ് മാധ്യമങ്ങൾ. കാരണം മൈനർ സർജറിയാണെങ്കിൽ ദിവസങ്ങൾക്കകം ആശുപത്രി വിടുമായിരുന്നു. അതുപോലെ വിശ്രമ ചികിത്സ വേണ്ടി വരുമായിരുന്നില്ല. ഇതൊക്കെ ഒരു പ്രധാന ശാസ്ത്രക്രിയയ്ക്കാണ് രാജകുമാരി വിധേയയായതെന്ന അനുമാനത്തിൽ എത്തിക്കുന്നു. മൂന്ന് കുട്ടികളുടെ അമ്മകൂടിയാണ് കാതറിൻ. 10 വയസ്സുള്ള ജോർജ് രാജകുമാരനും 8 വയസ്സുള്ള രാജകുമാരി ഷാർലറ്റും 5 വയസ്സുള്ള ലൂയിസ് രാജകുമാരനും പിതാവ് വില്യം രാജകുമാരനൊപ്പം ആശുപത്രിയിലുണ്ട്. കാതറിൻ രാജകുമാരിയെ കുറിച്ചുള്ള വാർത്ത പുറത്തുവന്ന് അധികം കഴിയും മുമ്പാണ് ബക്കിങ്ഹാം കൊട്ടാരം ചാൾസ് രാജാവ് പ്രോസ്‌റ്റേറ്റ് അസുഖ ചികിത്സയ്ക്കായി അടുത്തയാഴ്ച ശാസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന കാര്യം അറിയിച്ചത്. പ്രോസ്ട്രേറ്റ് ഗ്രന്ഥിയിലെ വീക്കത്തിനാണ് രാജാവ് ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. ഇതും കാൻസറുമായി ബന്ധപ്പെട്ടതല്ലെന്ന് കൊട്ടാരം വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബറിലാണ് ചാൾസ് രാജാവിന് 75 വയസ്സ് തികഞ്ഞത്. ഇരുവരും മാസങ്ങളോളം രാജകീയ ചുമതലകളിൽ നിന്ന് മാറി നിന്നേക്കുമെന്ന് സൂചനയുണ്ട്.