ബീഫിനെച്ചൊല്ലി രണ്ട് വർഷമായി തര്‍ക്കം; യുകെയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർത്തി വെച്ചു
Mail This Article
ലണ്ടന്‍∙ യുകെയും കാനഡയുമായി ഏകദേശം രണ്ടു വര്‍ഷത്തോളമായി നടന്നുവന്നിരുന്ന വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബീഫിലെ ഹോര്‍മോണിന്‍റെ അളവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലവില്‍ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പുതിയ വ്യാപാര കരാര്‍ നിലവില്‍ വരാത്തതില്‍ രണ്ടു രാജ്യങ്ങളിലെയും വിവിധ മേഖലകളിലുള്ള കമ്പനികള്‍ കടുത്ത അസംതൃപ്തിയിലാണ്. ബ്രെക്‌സിറ്റിന് മുമ്പ് യൂറോപ്യന്‍ യൂണിയന്‍ അംഗമായിരുന്നപ്പോള്‍ യുകെയിൽ നിലവില്‍ ഉണ്ടായിരുന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് യുകെയും കാനഡയും തമ്മില്‍ വ്യാപാരം നടത്തി വന്നിരുന്നത്.
കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ ഇറക്കുമതി നികുതി കൂടാതെ കാറുകളും മറ്റും കാനഡയില്‍ വില്‍ക്കാന്‍ യുകെയിലെ നിർമാതാക്കള്‍ക്ക് ഇനി മുതൽ കഴിയില്ല. 2021 ലെ ബ്രെക്‌സിറ്റിന് ശേഷം വ്യാപാര പങ്കാളികളുമായി യുകെ ഔദ്യോഗികമായി ചർച്ചകൾ ഉപേക്ഷിക്കുന്നത് ആദ്യമായാണ് . ഏപ്രില്‍ ആദ്യം മുതല്‍ കനേഡിയന്‍ വിപണിയില്‍ ഉത്പന്നങ്ങൾ വില്‍ക്കാന്‍ ബ്രിട്ടിഷ് കമ്പനികള്‍ കൂടുതല്‍ ഇറക്കുമതി നികുതികള്‍ നല്‍കേണ്ടതായി വരും. ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതില്‍ നിരാശയുണ്ടെന്നും അത് യുകെ ബിസിനസ് സെക്രട്ടറി കെമി ബാസേനോക്കിനെ അറിയിച്ചിട്ടുണ്ടെന്നും കാനഡ ട്രേഡ് മിനിസ്റ്റർ മേരി എൻജിയുടെ വക്താവ് പറഞ്ഞു.