ഗായിക,ഗാനരചയിതാവ്,ഒന്നിലധികം സംഗീത ഉപകരണങ്ങളിൽ മികവ്; യുകെയിൽ സംഗീതപ്രേമികളുടെ മനം കവർന്ന് മലയാളി പെൺകുട്ടി
Mail This Article
ലണ്ടൻ ∙ ഇന്ത്യയിലെ കൊച്ചിയിൽ ജനിച്ച് നിലവിൽ യുകെയിലെ കോൾചെസ്റ്ററിൽ താമസിക്കുന്ന 16 വയസ്സുള്ള മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റ് ഈവ് ഇലൈൻ തന്റെ ആദ്യ സിംഗിൾ ആയ 'മൈ ലവർ' എന്ന ഗാനത്തിലൂടെ സംഗീത വ്യവസായത്തിലേക്ക് ചലനാത്മകമായ കടന്നുവരവ് നടത്തിയിരിക്കുകയാണ്. ഈ മാസം പകുതിയോടെ ഡിജിറ്റലായി പുറത്തിറങ്ങിയ, ഇംഗ്ലിഷ് ഭാഷയിലുള്ള ഈ സംഗീത വീഡിയോ പ്രണയത്തിന്റെ വൈവിധ്യമാർന്ന വികാരങ്ങളുടെ ഹൃദയംഗമമായ പര്യവേക്ഷണത്തിലൂടെ ശ്രോതാക്കളെ ആകർഷിക്കുന്നു.
മികച്ച കഴിവുള്ള ഗായികയും ഗാനരചയിതാവുമായ ഈവ്, 'മൈ ലവർ' എന്ന ഗാനം പാടുക മാത്രമല്ല, വരികളെല്ലാം ഒറ്റയ്‌ക്ക് എഴുതി അതിന്റെ സംഗീതസംവിധാനം, ഓർക്കസ്ട്രഷൻ, നിർമ്മാണം എന്നിവയും ഒരുമിച്ച് ചെയ്തിരിക്കുകയാണ്. ടീൽ മെഡോ എന്ന സ്വന്തം പ്രൊഡക്ഷൻ ബാനറിനു കീഴിലാണ് ഈവ് ചെറിയ പ്രായത്തിൽ തന്നെ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഡെധാം വില്ലേജ് ഏരിയ, ഡെധാം ടൗൺ സെന്റർ, കോൾചെസ്റ്റർ ടൗൺ സെന്റർ എന്നിവയുടെ മനോഹരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 'മൈ ലവർ' എന്ന സംഗീത വീഡിയോ ഈവിന്റെ യൂട്യൂബ് ചാനലായ @EveElyneOfficialൽ ലഭ്യമാണ്.
ഈവിന്റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവൻ സംഗീത ലോകത്തിലാണ് എന്നിരിക്കിലും, എസെക്സിലെ കോൾചെസ്റ്ററിലെ ഗിൽബെർഡ് സ്കൂളിലെ വിദ്യാർഥിയാണ്. സ്കൂളിന്റെ ഡപ്യൂട്ടി ഹെഡ് ഗേൾ, സ്‌കൂളിന്റെ സോൾ ബാൻഡിന്റെ ലീഡ് ഇലക്‌ട്രിക് ഗിറ്റാറിസ്റ്റ്, സ്‌പോർട്‌സ് ക്യാപ്റ്റൻ, ഡൈവേഴ്‌സിറ്റി ചാംപ്യൻ എന്നിങ്ങനെ സ്കൂളിന്റെ നേതൃനിരയിലെല്ലാം ഈവ് തിളങ്ങി നിൽക്കുകയാണ്. സ്കൂളിൽ നടന്ന പബ്ലിക് സ്പീക്കിംഗിലും ഈവ് റണ്ണർ അപ്പായിരുന്നു.
ഒരു പ്രഫഷണൽ ടൂറിങ് സംഗീതജ്ഞനാകാനുള്ള ഈവിന്റെ ആഗ്രഹം ഇപ്പോൾ ഒന്നുകൂടി ചിറകടിച്ചുയരുകയാണ്. ഡ്രംസ്, ഇലക്ട്രിക്, അക്കോസ്റ്റിക് ഗിറ്റാർ, കീബോർഡ്, പിയാനോ, കഹോൻ എന്നിവയുൾപ്പെടെ ഒന്നിലധികം ഉപകരണങ്ങൾ വായിക്കാൻ കഴിയും. പന്ത്രണ്ടാം വയസ്സുള്ളപ്പോൾ തന്നെ പാട്ടുകൾ എഴുതാൻ തുടങ്ങിയ ഈ പെൺകുട്ടിക്ക്. കീബോർഡിൽ ട്രിനിറ്റിയിൽ നിന്നും 6 ഗ്രേഡ് നേടിയിട്ടുള്ള ഈവ് ഡ്രമ്മിൽ ഗ്രേഡ് 4 പൂർത്തിയാക്കിയിട്ടുണ്ട്. ഒപ്പം യുകെയിൽ നടന്ന ബാറ്റിൽ ഓഫ് ദി ബാൻഡ്സ് എന്ന പ്രോഗ്രാമിലും ഈവ് തന്റെ ഡ്രമ്മിംഗ് കഴിവുകൾ പ്രടിപ്പിച്ചിട്ടുണ്ട്. 2021 ൽ യുകെയിൽ നടന്ന യുക്മെ കലാമേളയിൽ ഡ്രംസിലും ഗിറ്റാറിലും ഒന്നാം സ്ഥാനവും കീബോർഡിൽ രണ്ടാംസ്ഥാനവും നേടി മേളയുടെ ജൂനിയർ ചാംപ്യനുമായിരുന്നു ഈവ്.
'മൈ ലവർ' എന്ന സംഗീത വിഡിയോയുടെ ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തത് യുകെയിലെ മലയാളിയായ ആദർശ് കുര്യനും സൗണ്ട് മിക്‌സിങ് കൈകാര്യം ചെയ്തതത് കോൾചെസ്റ്ററിലുള്ള ബ്ലാക്ക് കാക്റ്റസ് സ്റ്റുഡിയോയുടെ സ്ഥാപകനും സൗണ്ട് എൻജിനറുമായ അലൻ ജോൺസാണ്. ഈവിന്റെ അടുത്ത സുഹൃത്തായ ഫിൻ ഗോഡ്‌വിനാണ് ഗാനത്തിന്റെ ഗിറ്റാർ ഘടകങ്ങൾ വിദഗ്ധമായി കൈകാര്യം ചെയ്തത്.