പോസ്റ്റ് ഓഫിസ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് ഹെന്റി സ്റ്റൗണ്ടണ്‍; പടിയിറക്കം ഹൊറൈസണ്‍ അഴിമതി വിവാദം ചർച്ചയാകുമ്പോൾ
Mail This Article
ലണ്ടൻ ∙ നിരപരാധികളായ നൂറുകണക്കിന് സബ് പോസ്റ്റ് മാസ്റ്റര്‍മാര്‍ ശിക്ഷിക്കപ്പെട്ട ഹൊറൈസണ്‍ ഐടി അഴിമതിയുടെ പശ്ചാത്തലത്തില്‍ പോസ്റ്റ് ഓഫിസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് ഹെന്റി സ്റ്റൗണ്ടണ്‍. ബ്രിട്ടനിലെ ഏറ്റവും വലിയ നീതിനിഷേധമെന്ന് വിശേഷിപ്പിക്കപ്പെട്ട ഹൊറൈസണ്‍ ഐടി അഴിമതി കേസിലെ ശിക്ഷകൾ ഏറെ വിവാദമായിരുന്നു. തപാല്‍ ഓഫിസിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടക്കുന്നതിനാൽ പുതിയ നേതൃത്വത്തിന്റെ ആവശ്യമുണ്ടെന്ന് ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്ക് പറഞ്ഞു.
ഹെന്റി സ്റ്റൗണ്ടണിനോട് രാജിവച്ച് പോകാന്‍ ആവശ്യപ്പെട്ടതായാണ് പോസ്റ്റ് ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചിട്ടുള്ളത്. ഇടക്കാല അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്നാണ് സൂചന. 2022 ഡിസംബര്‍ മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റോയൽ മെയിൽ കമ്പനിയിൽ ഹെന്റി സ്റ്റൗണ്ടണ്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു. 1,50,000 പൗണ്ട് വരെ ശമ്പളം നല്‍കിയാണ് നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡിനെ നയിക്കാനും ഹൊറൈസണ്‍ വിവാദത്തിലെ തെറ്റുകള്‍ തിരുത്താനുമായിരുന്നു ചുമതലപ്പെടുത്തിയത്. മുൻപ് ഐടിവി മുതല്‍ ഡബ്ല്യുഎച്ച് സ്മിത്ത് വരെയുള്ള കമ്പനികളുടെ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഹെന്റി സ്റ്റൗണ്ടണിനെ പുറത്താക്കാനുള്ള കാരണം ആരാഞ്ഞുള്ള മാധ്യമങ്ങളുടെ അഭ്യര്‍ഥനകളോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ഉടൻ തന്നെ പുതിയ ചെയര്‍മാനായുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഹെന്റി സ്റ്റൗണ്ടണിന്റെ പുറത്താക്കലിന് പോസ്റ്റ് ഓഫിസ് അഴിമതിയുമായി നേരിട്ട് ബന്ധമില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ പറയുന്നുണ്ട്.
1999നും 2015നും ഇടയില്‍ 700ൽപ്പരം സബ് പോസ്റ്റ്മാസ്റ്റര്‍മാരും സബ് പോസ്റ്റ്മിസ്ട്രസുമാരും അവരുടെ ചുമതലകളിൽ ഉണ്ടായിരുന്ന പോസ്റ്റ് ഓഫിസുകളിൽ നിന്നും പണം നഷ്ടപ്പെട്ടതിന് വിചാരണ ചെയ്യപ്പെടുകയായിരുന്നു. കുറ്റാരോപിതരില്‍ പലരും പിന്നീട് സാമ്പത്തികമായി തകരുകയും ചിലര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇന്ത്യൻ വംശജർ ഉൾപ്പടെ ശിക്ഷിക്കപ്പെട്ടിരുന്നു.