പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടയിടി; ഒരാൾ മരിച്ചു, റോഡില്‍ ഗതാഗത കുരുക്ക്
Mail This Article
ലണ്ടൻ • യുകെയിലെ മോട്ടോർവേ റോഡിൽ പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയിൽ ഒരു സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ 4 മണിക്ക് പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അമിതവേഗത്തില്‍ പാഞ്ഞ വാഹനം മറ്റൊരു വാഹനത്തിൽ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് എം25 ല്‍ ജംഗ്ഷന്‍ 22നും 25നും ഇടയില്‍ ഗതാഗതകുരുക്കും ഉണ്ടായി. ഒരു വാനും മൂന്ന് കാറുകളുമാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍പ്പെട്ട വാനിനെയാണ് പൊലീസ് പിന്തുടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ജംഗ്ഷന്‍ 22 നും 25 നും ഇടയില്‍ മോട്ടോര്‍ വേയിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മോട്ടോര്‍ വേയുടെ നാല് പാതകളിലും കൂട്ടിയിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്നതായുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു. വാനിനെ പൊലീസ് പിന്തുടര്‍ന്നുവെങ്കിലും കൂട്ടിയിടിക്ക് മുമ്പ് പൊലീസ് പിന്‍വാങ്ങിയെന്ന് സംഭവത്തെക്കുറിച്ച് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പൊലീസ് പറഞ്ഞു. പൊലീസ് വാഹനങ്ങളൊന്നും കൂട്ടിയിടിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.