പിണക്കം മറന്ന് ഹാരി; ലണ്ടനിലെത്തി, കാൻസർ രോഗിയായ ചാൾസ് രാജാവിനെ കാണാൻ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തെ കാണാൻ എല്ലാം മറന്ന് അമേരിക്കയിൽ നിന്നു പറന്നെത്തി ഹാരി രാജകുമാരൻ. ഇന്നലെ വൈകുന്നേരമാണ് ലൊസാഞ്ചലസിൽനിന്ന് ഇളയമകൻ ഹാരി ലണ്ടനിലെത്തിയത്. സാന്ദ്രിഗ്രാമിലെ കൊട്ടാരത്തിലാകും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്നലെ ലണ്ടനിലെ ക്ലാരിൻസ് ഹൗസിൽനിന്നും സാന്ദ്രിഗ്രാമിലേക്ക് തിരിച്ച രാജാവ് വഴിയരികിൽ കാത്തുനിന്നവർക്കു നേരേ സന്തോഷവാനായി കൈവീശിയാണ് യാത്രയായത്.
രാജകുടുംബവുമായി ഏറെനാളായി അകൽച്ചയിൽ കഴിയുന്ന ഹാരി രാജകുമാരൻ ഭാര്യയും മക്കളുമില്ലാതെ തനിച്ചാണ് പിതാവിനെ കാണാൻ ലണ്ടനിലെത്തിയത്. തിങ്കളാഴ്ചയാണ് രാജാവിന് കാൻസർ രോഗമാണെന്ന് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രോഗനിർണയത്തെത്തുടർന്ന് രാജാവിന്റെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി. എന്നാൽ ഭരണഘടനാപരമായ ചുമതലകൾ തുടരും. ആഴ്ചതോറും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മുടക്കമുണ്ടാകില്ല. വിദഗ്ധ ഡോക്ടർമാരുടെ സംഘം തിങ്കളാഴ്ചതന്നെ രാജാവിനെ വസതിയിലെത്തി പരിശോധിച്ചിരുന്നു. നിരവധി ലോക നേതാക്കൾ രാജാവിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ചും ആശങ്കകൾ പങ്കുവച്ചും സന്ദേശം അയച്ചു.