സമീക്ഷ യുകെ ബാഡ്മിന്റൺ ടൂർണമെന്‍റിന് വർണാഭമായ തുടക്കം
Mail This Article
കെറ്ററിങ്∙ യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റിന് കെറ്ററിങ്ങിൽ തുടക്കമായി. കെറ്ററിങ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി മത്തായി,സെക്രട്ടറി അരുൺ സെബാസ്റ്യൻ എന്നിവർ ചേർന്ന് കെറ്ററിങ് റീജനല്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. യുകെയുടെ പൊതുമണ്ഡലത്തിൽ സമീക്ഷ നടത്തുന്ന കലാ-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് ബെന്നി മത്തായി പറഞ്ഞു.
പതിനാലോളം ടീമുകളാണ് കഴിഞ്ഞ ദിവസം നടന്ന കെറ്ററിങ് റീജനല്‍ മത്സരത്തില്‍ പങ്കെടുത്തത്. മാർലോയിൽ നിന്നെത്തിയ സുദീപ്, രോഹിത് സഖ്യം വിജയികളായി. ജോബി-സന്തോഷ് ടീം രണ്ടാം സ്ഥാനവും ബർമിങ്ഹാമിൽ നിന്നെത്തിയ ജെർമി കുരിയൻ, ബെൻസൺ ബെന്നി കൂട്ടുകെട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് ഗുഡീസ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് സ്കൈ ഷോപ്പേഴ്‌സ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ബ്രദേഴ്സ് ഗ്രോസറി സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനം നല്‍കി. റീജനൽ മത്സരവിജയികൾ കോവൻട്രിയിൽ മാർച്ച് 24ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.
യുകെയിലെ ഏറ്റവും വലിയ അമേച്വർ ബാഡ്മിന്‍റൺ ടൂർണമെന്‍റുകളില്‍ ഒന്നാണിത്. മലയാളികള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും കളത്തിലിറങ്ങും. 18 റീജനുകളിലായി നടക്കുന്ന മത്സരങ്ങളിൽ മുന്നൂറോളം ടീമുകൾ ഏറ്റുമുട്ടും. ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷ യുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101പൗണ്ടും ട്രോഫിയും ലഭിക്കും. കഴിഞ്ഞ വർഷം 12 റീജനലുകളിലായി 210 ടീമുകളാണ് ടൂർണ്ണമെന്‍റിൽ പങ്കെടുത്തത്. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകകളുമായി ടൂർണ്ണമെന്‍റിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകർ അറിയിച്ചു.