100 മീറ്റർ അകലെ താമസിച്ചിട്ടും ബക്കിങ്ങാം കൊട്ടാരത്തിലേക്ക് പ്രവേശനം ലഭിക്കാതെ പോയ രാജ്ഞി
Mail This Article
കോട്ടയം∙ ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ താമസിച്ചിട്ടും കൊട്ടാരത്തിനുള്ളിലേക്ക് ഒരിക്കലും പ്രവേശനം ലഭിക്കാതെ പോയ രാജ്ഞിയുണ്ട്. യൂറോപ്പിലെ രാജകുടുംബങ്ങളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന മരിയ രാജ്ഞിയാണ് ഈ ഹതഭാഗ്യ. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്‍റെയും അടുത്ത ബന്ധുവായ യുഗോസ്ലാവിയയിലെ ഈ രാജ്ഞിയെ തേടി ബക്കിങ്ങാം കൊട്ടാരത്തിൽ നിന്ന് അയ്ക്കുന്ന ക്രിസ്മസ് കാർഡ് പോലും എത്തിയിരുന്നില്ല.
ബ്രിട്ടനിലെ രാജ്ഞിയായിരുന്ന വിക്ടോറിയയുടെയും ആൽബർട്ട് രാജകുമാരന്‍റെയും മകനായ ഫെർഡിനാൻഡ് രാജകുമാരനും എഡിൻബർഗിലെ മേരി രാജകുമാരിയുടെ മൂന്നാമത്തെ മകളായിട്ടാണ് മരിയ ജനിക്കുന്നത്. 1914-ൽ, കരോൾ ഒന്നാമന്‍റെ മരണശേഷം, മരിയയുടെ മാതാപിതാക്കൾ റൊമാനിയയിലെ രാജാവും രാജ്ഞിയുമായി ചുമതലേയറ്റു. മരിയയും അവരോടൊപ്പം റൊമാനിയയിലേക്ക് താമസം മാറി. ഒന്നാം ലോകമഹായുദ്ധസമയത്ത്, അമ്മയോടും രണ്ട് സഹോദരിമാരോടും ഒപ്പം ആതുരസേവന രംഗത്തും മരിയ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വിദ്യാഭ്യാസം നേടിയ മരിയ രാജ്ഞി നിരവധി ഭാഷകൾ നന്നായി സംസാരിക്കുകയും പെയിന്‍റിങ്ങിലും ശിൽപനിർമാണത്തിലും മികവും പുലർത്തിയിരുന്നു.
എന്തു കൊണ്ടാണ് മരിയ്ക്ക് ബക്കിങ്ങാം കൊട്ടാരത്തിൽ പ്രവേശനം ലഭിക്കാതെ പോയത് എന്നതിന് പിന്നിൽ നിരവധി കഥകളുണ്ട്. അതിൽ ഏറെ പ്രധാന്യമുള്ള കഥ മരിയുടെ ആദ്യകാല പ്രണയത്തെ ചുറ്റിപറ്റിയാണ്. പ്രശസ്തമായ ഹീത്ത്ഫീൽഡ് സ്കൂളിൽ 1919 ലെ വിദ്യാർഥിയായി മരിയ ചേർന്നു. 19 വയസ്സുകാരിയായ മരിയ്ക്ക് ഈ വിദ്യായലത്തിൽ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. റോസ്മേരി ക്രെസ്‌വെല്ലിൻ, ഗാർഡ്‌സ് ഓഫിസറായ അഡിസൺ ബേക്കർ ക്രെസ്‌വെല്ലിന്‍റെ മകൾ. മരിയയും റോസ് മേരിയും തമ്മിൽ നാലു വയസ്സിന് വ്യത്യാസമുണ്ടായിരുന്നു. 20–ാം ജന്മദിനത്തോട് അടുത്ത മരിയയെും 16 വയസ്സുകാരിയായ റോസ് മേരിയെും സ്കൂളിൽ നിന്നും കാണാതായി. ഇരുവരും തമ്മിൽ സ്വവർഗാനുരാഗമാണെന്ന് കഥകൾ പരന്നു. പിന്നീട് ഇരുവരെയും അന്വേഷിച്ച കണ്ടെത്തിയ ശേഷം വീട്ടുകാരോട് മരിയ യുഗോസ്ലാവിയയിലെ അലക്സാണ്ടർ രാജാവിനെ വിവാഹം കഴിക്കാൻ സമ്മതിച്ചതായിട്ടാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
അലക്സാണ്ടർ രാജാവിനും മരിയ്ക്കും പീറ്റർ, ടോമിസ്ലാവ്, ആൻഡ്രൂ എന്നീ മൂന്ന് ആൺമക്കൾ ജനിച്ചു. 1934ൽ അലക്സാണ്ടർ രാജാവ് കൊല്ലപ്പെട്ടു. മരിയ രാജ്ഞിയുടെ മൂത്ത മകൻ പീറ്റർ 11-ാം വയസ്സിൽ യുഗോസ്ലാവിയയുടെ രാജാവായി. പക്ഷേ മരിയക്ക് ഇത് ഇഷ്ടമായില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. മകന്‍റെ ഭരണത്തിൽ മരിയ ഇടപെടുന്നതിന് ശ്രമിച്ചു. ഇളയ രണ്ട് ആൺമക്കളെ അനുകൂലിച്ച മരിയ പീറ്ററിനെ എതിർത്തിരുന്നു.
ഇതിനിടെ മരിയ റോസ്മേരിക്കൊപ്പം ലണ്ടനിൽ താമസിക്കാൻ എന്നെന്നേക്കുമായി രാജ്യം വിട്ടു. പ്രൊബാർട്ട് ജോൺസ് എന്ന ഇംഗ്ലിഷ് സൈനികനുമായുള്ള റോസ് മേരിയുടെ വിവാഹബന്ധവും തകർന്ന സമയത്തായിരുന്നു ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചെൽസിയുടെ സ്ലോൺ സ്ക്വയറിന് സമീപമുള്ള ഒരു ഫ്ലാറ്റിലാണ് ഇരുവരും താമസമാക്കിയത്. രാജകീയമായ ചില ആചാരങ്ങൾ മരിയ തുടർന്നു. റോസ്മേരിയെ തന്‍റെ 'ലേഡി-ഇൻ-വെയ്റ്റിങ്' എന്ന് വിളിക്കണമെന്ന് മരിയ നിർബന്ധിച്ചിരുന്നു.
യുഗോസ്ലാവിയ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായപ്പോൾ കുട്ടിയായ പീറ്റർ രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. മകനെ പിന്തുണയ്ക്കാത്ത മരിയയുടെ സമീപനവും ബക്കിങ്ങാം കൊട്ടാരത്തിന്‍റെ അതൃപ്തിക്ക് കാരണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പീറ്ററിന്‍റെ ഭരണത്തിൽ ഏർപ്പെടാനുള്ള മരിയുടെ നീക്കത്തെ പീറ്ററിന്‍റെ ഗോഡ്ഫാദറായ ജോർജ് ആറാമൻ രാജാവ് അപലപിച്ചിരുന്നു. റൊമാന്‍റിക് നോവലിസ്റ്റ് ബാർബറ കാർട്ട്‌ലാൻഡുമായി സൗഹൃദം സ്ഥാപിച്ച മരിയയും റോസ്മേരിയും യുദ്ധസമയത്ത് കേംബ്രിജിനുടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറി.
പീറ്റർ രാജാവും അമ്മയായ മരിയ രാജ്ഞിയും പിന്നീട് ഒരിക്കലും ബന്ധം പുനഃസ്ഥാപിച്ചില്ല. മരിയ രാജ്ഞി 1961 ജൂൺ 22ന് ലണ്ടനിലെ ചെൽസിയിൽ അന്തരിച്ചു. 1961 ജൂലൈ 2ന് ലണ്ടനിലെ നോട്ടിങ് ഹില്ലിലുള്ള സെർബിയൻ ഓർത്തഡോക്സ് ചർച്ചിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം മരിയ രാജ്ഞിയുടെ മൃതദേഹം വിൻഡ്‌സർ കാസിലിനോട് ചേർന്ന റോയൽ ബറിയൽ ഗ്രൗണ്ടിൽ സംസ്കരിക്കുന്നതിന് ബ്രിട്ടിഷ് രാജകുടുംബം അനുവദിച്ചു. ഭൗതികാവശിഷ്ടങ്ങൾ 2013 ഏപ്രിലിൽ സെർബിയയിലേക്ക് മാറ്റി. അതേസമയം, ബ്രിട്ടിഷ് രാജകുടുംബത്തിൽ നിന്ന് മരിയ രാജ്ഞി അകലം സൂക്ഷിച്ചത് ലണ്ടനിലുള്ള യുഗോസ്ലാവിയൻ സമൂഹത്തോട് ചേർന്ന് ജീവിക്കാനായിരുന്നു എന്ന് പറയുന്നവരുമുണ്ട്.