എൻഎച്ച്എസ് ജീവനക്കാരിൽ 10.1% ഇന്ത്യക്കാര്‍; ഇതിൽ കൂടുതലും മലയാളികൾ
Mail This Article
ലണ്ടൻ ∙ യുകെയുടെ സർക്കാർ നിയന്ത്രിത ആരോഗ്യ മേഖലയാണ് എന്‍എച്ച്എസ് എന്ന് ചുരുക്കപ്പേരുള്ള നാഷനൽ ഹെൽത്ത് സർവീസ്. എൻഎച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാർ ആണെന്നാണ് കണക്കുകള്‍. ലോകത്തെ 214 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ എൻഎച്ച്എസ് ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്. അതായത് യുകെയുടെ സ്വന്തം നാഷനൽ ഹെൽത്ത് സർവീസ് ഇപ്പോൾ 'ഇന്റർ'നാഷനൽ ഹെൽത്ത് സർവീസ് ആയി മാറിയെന്ന് ചുരുക്കം!!.
വിദേശികളായ ജീവനക്കാരിൽ മുന്നിൽ ഉള്ളത് ഇന്ത്യക്കാരാണ്. അതിൽ മുന്നിൽ നിൽക്കുന്നത് നമ്മുടെ സ്വന്തം മലയാളികളും. എൻഎച്ച്എസ് കണക്കുകൾ പ്രകാരം 20 ശതമാനം വിദേശ പൗരന്‍മാരിൽ 10.1% ജീവനക്കാർ ഇന്ത്യക്കാരാണ്. എൻഎച്ച്എസിലെ പത്തില്‍ മൂന്ന് നഴ്‌സുമാരും, ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തിലേറെയും വിദേശ പൗരന്മാർ ആണെന്നത് റെക്കോര്‍ഡ് കണക്കാണെന്ന് എൻഎച്ച്എസ് മേധാവികൾ പറയുന്നു.
യുകെയിൽ എൻഎച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് വർധിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ വിദേശ റിക്രൂട്ട്‌മെന്റ് നടത്തി എല്ലാക്കാലവും എൻഎച്ച്എസിലെ ഒഴിവുകൾ നികത്താൻ കഴിയില്ലെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിദേശ ജീവനക്കാരിൽ ഇന്ത്യയ്ക്ക് പിന്നാലെയുള്ളത് ഫിലിപ്പൈന്‍സ്, നൈജീരിയ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.