ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ; പ്രതി ഇരയെ കുത്തിയത് 140 തവണ
Mail This Article
ലണ്ടൻ∙ ലൈംഗിക തൊഴിലാളിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ . 51 വയസ്സുകാരനായ സന്ദീപ് പട്ടേലിനെയാണ് 30 വർഷം മുമ്പ് നടത്തിയ കൊലപാതകത്തിൽ കോടതി ശിക്ഷിച്ചത്. 1994-ൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഏരിയയിലെ ഫ്‌ളാറ്റിൽവെച്ച് മറീന കോപ്പൽ (39) എന്ന ലൈംഗിക തൊഴിലാളിയെ പ്രതി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇരയുടെ ശരീരത്തിൽ 140 തവണയാണ് പ്രതി കുത്തിപരുക്കേൽപ്പിച്ചത്.
കൊലപാതകം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് സന്ദീപ് പട്ടേലാണ് പ്രതിയെന്ന് കണ്ടെത്തുന്നത്. മറീന കോപ്പൽ ധരിച്ചിരുന്ന മോതിരത്തിൽ നിന്ന് കണ്ടെത്തിയ മുടിയുമായി സന്ദീപിന്‍റെ ഡിഎൻഎ പൊരുത്തപ്പെട്ടതോടെയാണ് 2022ൽ പ്രതി പിടിയിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാൽപ്പാടുകൾ പട്ടേലിന്‍റേതുമായി പൊരുത്തപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ലൈംഗിക തൊഴിലിന് പുറമെ മസാജ് തെറാപ്പിസ്റ്റായും മറീന ജോലി ചെയ്തിരുന്നു. കൊളംബിയയിലെ തന്‍റെ കുടുംബത്തെ സഹായിക്കുന്നതിനാണ് മറീന ഈ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നത്. മറീനയുടെ ഭർത്താവാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പട്ടേലിന്‍റെ വിരലടയാളം കണ്ടെത്തിയെങ്കിലും ഏറെ നാളായിട്ടും കേസിന് തുമ്പുണ്ടാക്കാനായിരുന്നില്ല.
ഫൊറൻസിക് സാങ്കേതിക വിദ്യയിലെ പുരോഗതിയാണ് കേസ് തെളിയിക്കുന്നതിൽ നിർണായകമായി മാറിയത്. മോതിരത്തിൽ നിന്ന് ലഭിച്ച മുടി ആദ്യം പരിശോധിച്ചിരുന്നു. പക്ഷേ 2022 വരെ സെൻസിറ്റീവ് ഡിഎൻഎ വിശകലനം ചെയ്യുന്ന രീതിയിൽ സാങ്കേതിക വിദ്യ വളർന്നതോടെയാണ് പട്ടേലിന്‍റെ ഡിഎൻഎയെയുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിച്ചത്. ഫെബ്രുവരി 15 ന് ഓൾഡ് ബെയ്‌ലി, സെൻട്രൽ ക്രിമിനൽ കോടതി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിൽ നടന്ന വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.
2012-ൽ മറ്റൊരു കേസിൽ പിടികൂടിയ പട്ടേലിന്‍റെ ഡിഎൻഎ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ഇതുമായി പൊരുത്തപ്പെട്ടതോടെയാണ് പ്രതി പട്ടേലാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. 'ഒടുവിൽ മറീനയുടെ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്,' മെറ്റ് പൊലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് കാതറിൻ ഗുഡ്വിൻ പറഞ്ഞു.