ADVERTISEMENT

ലണ്ടൻ ∙ 2024ലെ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ബ്രിട്ടിഷ് പാസ്‌പോര്‍ട്ടിന് മൂന്നാം സ്ഥാനം. 2023 ലെ ആറാം സ്ഥാനത്ത് നിന്നാണ് ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് നില മെച്ചപ്പെടുത്തിയത്.ബ്രിട്ടിഷ് പൗരന്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 187 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം 192 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാകും. യുകെയ്ക്ക് പുറമെ 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ലക്സംബര്‍ഗ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവരും മൂന്നാം സ്ഥാനം പങ്കിടുന്നു.

പട്ടികയില്‍ ഫ്രാന്‍സാണ് ഒന്നാമത്. രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആറ് രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 194 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനത്തിന് അനുമതിയുള്ള ആറ് രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാമത് വന്നിരിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവയ്ക്ക് പുറമേ ഫ്രാന്‍സ്, ജർമനി, ഇറ്റലി, സ്പെയിന്‍ എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 193 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനത്തിന് അനുമതിയുള്ള ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. ബെല്‍ജിയം, നോര്‍വേ, പോര്‍ച്ചുഗല്‍ എന്നിവര്‍ നാലാം സ്ഥാനത്തും എത്തി.

190 രാജ്യങ്ങളിലേക്ക് സൗജന്യ പ്രവേശനമുള്ള ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഗ്രീസ്, മാള്‍ട്ട, സ്വിറ്റ്‌സര്‍ലൻഡ് എന്നിവര്‍ പട്ടികയിലെ അഞ്ചാം സ്ഥാനത്തും എത്തിയപ്പോള്‍ അമേരിക്കയും കാനഡയും ചേര്‍ന്ന് ആറാം സ്ഥാനം പങ്കിട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 84 മത് സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യ 85 ലേക്ക് താഴ്ന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്കാണ് വീസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം 62 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുമെങ്കിലും ഒരു സ്ഥാനം കുറഞ്ഞു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ലോകത്തെ 199 പാസ്പോര്‍ട്ടുകളെയാണ് ഹെന്‍ലി സൂചിക വിലയിരുത്തിയിട്ടുള്ളത്.

English Summary:

World's Most Powerful Passports UK in Third Reached the Position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com