ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശി ബിനുമോൻ
Mail This Article
ഇപ്സ്വിച് ∙ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുകെ മലയാളി അന്തരിച്ചു. കോട്ടയം സ്വദേശിയും യുകെയിലെ ഇപ്സ്വിച്ചിൽ കുടുംബമായി താമസിച്ചു വരികയും ചെയ്തിരുന്ന ബിനുമോൻ മഠത്തിൽചിറയിലാണ് അന്തരിച്ചത്. 2021 ജൂലൈ മാസത്തിലാണ് വിട്ടുമാറാത്ത പനിയും കണ്ണിലെ മഞ്ഞനിറവും കാരണം ഇപ്സ്വിച് ഹോസ്പിറ്റലിൽ ബിനുമോൻ ചികിത്സ തേടിയത്. തുടർന്ന് നടന്ന പരിശോധനകളില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി കീമോതെറാപ്പി ചെയ്തിട്ടും കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
വയറ്റിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയെ തുടർന്ന് പാലിയേറ്റീവ് കെയർ ചികിത്സയിൽ തുടരവേയാണ് ബിനുമോൻ മരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുള്ള അവസാനത്തെ ശ്രമമെന്ന നിലയിൽ, നാട്ടിൽ ബന്ധുക്കളുടെ അടുത്തെത്തി തുടർ ചികിത്സയ്ക്ക് എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ പ്രയോജനപ്പെടുത്തുവാൻ ബിനുമോൻ ആഗ്രഹിച്ചിരുന്നു. 2007ൽ യുകെയിൽ എത്തിയെങ്കിലും അസുഖത്തെ തുടർന്ന് കാര്യമായ സമ്പാദ്യം നീക്കിവയ്ക്കുവാൻ ബിനുമോന് കഴിഞ്ഞിരുന്നില്ല. എന്നാൽ ബിനുവിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് ഇപ്സ്വിച്ചിലെ മലയാളി അസോസിയേഷനുകളും ദേവാലയത്തിലെ വിമൻസ് ഫോറവും ധന സമാഹരണം ആരംഭിച്ചിരുന്നു. എന്നാൽ നാട്ടിലെ തുടർചികിത്സ എന്ന പ്രതീക്ഷ ആസ്ഥാനത്താക്കി ബിനുമോൻ യാത്രയാവുകയായിരുന്നു.
ഭാര്യ ജ്യോതി യുകെയിൽ നഴ്സിങ് പഠനം ആരംഭിച്ചിരുന്നുവെങ്കിലും ബിനുമോന്റെ അസുഖത്തെതുടർന്ന് പഠനം പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത്. ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ബിനുമോൻ ഇപ്സ്വിച്ച് മലയാളികൾക്ക് ഏറെ പ്രീയങ്കരനായിരുന്നു. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ തീരുമാനം. ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ഇപ്സ്വിച് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തും.