ഐ.എസിൽ ചേർന്ന ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കിയ നടപടി ശരിവച്ച് കോടതി
Mail This Article
ലണ്ടൻ∙ ഐ.എസിൽ ചേർന്നതിനെ തുടർന്ന് ഷെമീമ ബീഗത്തിന്‍റെ പൗരത്വം റദ്ദാക്കിയ ബ്രിട്ടിഷ് സർക്കാരിന്‍റെ നടപടി അപ്പീൽ കോടതിയും ശരിവച്ചു. സർക്കാർ നടപടിയ്ക്കെതിര ഷെമീമ ബീഗം നൽകിയ ഹർജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരേ അപ്പീൽ കോടതിയിൽ നൽകിയ ഹർജിയാണ് ഇന്നലെ തള്ളിയത്. ഇതോടെ വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിൽ തന്നെ ഷെമീമയ്ക്ക് കഴിയേണ്ടിവരും.
ഹർജി പരിഗണിച്ച കോടതിയിലെ മൂന്നു ജഡ്ജിമാരും ഐകകണ്ഠ്യേനെയണ് അപ്പീൽ തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇനി സുപ്രീം കോടതി മാത്രമാണ് ഷെമീമയ്ക്ക് ഇക്കാര്യത്തിൽ ആശ്രയം. ഷെമീമയ്ക്ക് നീതി ലഭ്യമാകുംവരെ നിയമപോരാട്ടം തുടരുമെന്ന് അവരുടെ സോളിസിറ്റർ ഡാനിയേൽ ഫർണർ വ്യക്തമാക്കി. മുൻ ഹോം സെക്രട്ടറി സാജിദ് ജാവേദിന്‍റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു 2019ൽ ഷെമീമയുടെ പൗരത്വം റദ്ദാക്കിയത്. നാലു വർഷം മുമ്പ് സിറിയയിലെ അഭയാർഥി ക്യാംപിൽ ഐ.എസ്. ഭീകരന്‍റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ബ്രിട്ടിഷ് ഹോം ഓഫിസ് തീരുമാനിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ഇതിനിടെ ഷെമീമ ജന്മം നൽകിയ കുഞ്ഞ് മരണപ്പെടുകയും ചെയ്തു.
കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതെന്നാണ് ഒമ്പതു വർഷം മുമ്പ് ഭീകരസംഘടനയിൽ അംഗമാകാൻ പോയ ഷെമീമ ബീഗം നേരത്തെ അപേക്ഷയിൽ വെളിപ്പെടുത്തിയത്. എന്നാൽ അതിമോഹം വേണ്ടെന്നായിരുന്നു ബ്രിട്ടിഷ് സർക്കാരിന്‍റെ നിലപാട്.
2015ലാണ് ഷെമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽനിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന 15 വയസ്സുകാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന(16) എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ല.
ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐ.എസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസ്സിനു മുകളിൽ പ്രായമുള്ള ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് ഷെമീമ അപേക്ഷിച്ചത്. പത്തു ദിവസത്തിനു ശേഷം ഇസ്ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസ്സായിരുന്നു പ്രായം. ഇയാൾക്കൊപ്പമാണ് പിന്നീട് കഴിഞ്ഞതെന്ന് ഷെമീമ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
കിഴക്കൻ സിറിയയിലെ ഐ.എസിന്‍റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്നാണ് ഷെമീമ അഭയാർഥി ക്യാംപിലെത്തിയത്. സിറിയൻ പട്ടാളത്തിനു മുന്നിൽ ഭർത്താവ് കീഴടങ്ങിയപ്പോഴാണ് വടക്കൻ സിറിയയിലെ അഭയാർഥി ക്യാംപിലേക്ക് പോരാൻ നിർബന്ധിതയായത്.
നേരത്തെ അവർ രണ്ട് കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ഇരുവരും മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.