ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ വംശീയ അധിക്ഷേപം; നേതാവിനെ പുറത്താക്കി കൺസർവേറ്റീവ് പാർട്ടി
Mail This Article
ലണ്ടൻ ∙ ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ വംശീയ അധിക്ഷേപം നടത്തിയ കൺസർവേറ്റീവ് പാർട്ടി നേതാവിനെ പുറത്താക്കി. ലണ്ടൻ മേയർ സാദിഖ് ഖാൻ ഇസ്‌ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്നായിരുന്നു കൺസർവേറ്റീവ് പാർട്ടി നേതാവ് ലീ ആൻഡേഴ്സന്റെ വിവാദ പരാമർശം. പ്രസ്താവന പിൻവലിച്ച് മാപ്പുപറയണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാതിരുന്നതോടെയാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. പാർട്ടിയുടെ മുൻ ഡപ്യൂട്ടി ലീഡർകൂടുയാണ് പാർലമെന്റ് അംഗമായ ലീ ആൻഡേഴ്സൺ.
പ്രസ്താവന പുറത്തുവന്നതു മുതൽ ലീയ്ക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി ഋഷി സുനകിനുമേൽ കനത്ത സമ്മർദ്ദമായിരുന്നു. പാർട്ടിയിൽ ചിലർ അദ്ദേഹത്തിന് സംരംക്ഷണമൊരുക്കാൻ രംഗത്തുവന്നെങ്കിലും മേയർ തിരഞ്ഞെടുപ്പും പൊതു തിരഞ്ഞെടുപ്പും പടിവാതിൽക്കൽ എത്തിനിൽക്കെ ആൻഡേഴ്സനെ സംരക്ഷിക്കുന്നത് വിനയാകുമെന്ന് മനസിലാക്കി പാർട്ടി നടപടിക്ക് ഒരുങ്ങുകയായിരുന്നു. ലണ്ടനിലെ ആദ്യ മുസ്‌ലിം മേയറായ സാദിഖ് ഖാൻ ഇസ്‌ലാമിസ്റ്റുകളുടെ പിടിയിലാണെന്നും ബ്രിട്ടിഷ് തലസ്ഥാനത്തെ തന്റെ കൂട്ടാളികൾക്ക് നൽകിയിരിക്കുകയാണ് എന്നുമായിരുന്നു ലീ ആൻഡേഴ്സന്റെ വിവാദ പ്രസ്താവന. ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ നമ്മുടെ നഗരങ്ങൾ പലതും തീവ്രവാദികളുടെ നിയന്ത്രണത്തിലാകുമെന്നും ആൻഡേഴ്സൻ തുറന്നടിച്ചു. യഹൂദ വിരുദ്ധതയും സ്ത്രീവിരുദ്ധതയും പോലെ എതിർക്കപ്പെടേണ്ടതാണ് മുസ്‌ലിം വിരുദ്ധതയും എന്നായിരുന്നു ആൻഡേഴ്സിന്റെ പ്രസ്താവനയെക്കുറിച്ച് സാദിഖ് ഖാന്റെ പ്രതികരണം.