ലണ്ടനിലെ സൗത്ത് കെൻസിങ്ടണിൽ 5 നില കെട്ടിടത്തിൽ തീപിടിത്തം; പൊലീസുകാർ ഉൾപ്പടെ 11 പേർക്ക് പരുക്ക്
Mail This Article
ലണ്ടൻ ∙ യുകെയുടെ തലസ്ഥാന നഗരമായ ലണ്ടനിലെ സൗത്ത് കെൻസിങ്ടണിൽ വൻ തീപിടുത്തത്തെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ സൗത്ത് കെൻസിങ്ടണിലെ 5 നില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് സമീപത്തെ വീടുകളിൽ നിന്ന് 170 ഓളം പേരെ ഒഴിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 പേരിൽ 8 പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. അഞ്ച് നില കെട്ടിടത്തിലെ താഴത്തെ നിലയിൽ ആയിരുന്നു അർദ്ധരാത്രി 12.31 ന് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മേൽക്കൂരയിലേയ്ക്ക് പടർന്ന തീ വെളുപ്പിന് 5.30 ഓടെ നിയന്ത്രണ വിധേയമാക്കിയെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു.
തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 ഫയർ എഞ്ചിനുകളും നൂറോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ്. കെട്ടിടത്തിന്റെ താഴത്തെ നില പൂർണ്ണമായും കത്തി നശിച്ചെന്നു ഉദ്യോഗസ്ഥർ അറിയിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരുന്നത് തടയാൻ കഴിഞ്ഞതായും എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലന്നും ലണ്ടൻ ഫയർ ബ്രിഗേഡ് ഉദ്യോഗസ്ഥർ പറഞ്ഞു.