സിദ്ധാര്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധിച്ച് ഒഐസിസി യുകെ
Mail This Article
ലണ്ടൻ ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഒഐസിസി യുകെ നാഷനൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സൂം പ്ലാറ്റ്ഫോം വഴി നടന്ന പ്രതിഷേധ യോഗത്തിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും യുകെയിലെ ഒഐസിസി നേതാക്കളും പ്രവർത്തകരുമുൾപ്പടെ നിരവധി പേർ പങ്കെടുത്തു.
കേരളത്തിലെ കോളജ് ക്യാംപസുകൾ ഭീഷണിപ്പെടുത്തി അടക്കി വാഴുന്ന എസ്എഫ്ഐയുടെ തേർവാഴ്ചയ്‌ക്കെതിരെയുള്ള പ്രതിഷേധം വരും ദിവസങ്ങളിൽ ശക്തമാകുമെന്ന് ഒഐസിസി നേതാക്കൾ അറിയിച്ചു. എസ്എഫ്ഐയുടെ ക്യാംപസ് ക്രൂരതകൾക്കും കുടപിടിക്കുന്ന ഇടതുപക്ഷത്തിന് എതിരെയും കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹം പ്രതിഷേധ ജ്വാലതീർക്കുമെന്നും അവർക്കൊപ്പം പ്രവാസികൾ അണിനിരക്കുമെന്നും ഒഐസിസി നേതാക്കൾ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ കേരളത്തിൽ നിന്നുമുള്ള എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ , ചാണ്ടി ഉമ്മൻ എന്നിവർ പങ്കെടുത്തു.
പ്രതിഷേധ യോഗത്തിന്‍റെ കോർഡിനേറ്ററും ഒഐസിസി യു കെ വൈസ് പ്രസിഡന്‍റുമായ ഡോ. ജോഷി ജോസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ഒഐസിസി യുകെ പ്രസിഡന്‍റ് കെ. മോഹൻദാസ്, വർക്കിങ് പ്രസിഡന്‍റുമാരായ ഷൈനു ക്ലെയർ മാത്യൂസ്, സുജു ഡാനിയേൽ, അപ്പ ഗഫൂർ, മണികണ്ഠൻ, ഒഐസിസി നാഷനൽ - റീജൻ നേതാക്കന്മാരായ ബേബിക്കുട്ടി ജോർജ്, സോണി ചാക്കോ, അപ്പച്ചൻ കണ്ണഞ്ചിറ, സാജു മണക്കുഴി, സാബു ജോർജ്, തോമസ് ഫിലിപ്പ്, ജയരാജ്, വിജി പൈലി, ബാബു പൊറിഞ്ചു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു പ്രസംഗിച്ചു. സിദ്ധാർഥിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ എസ് യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോളേജ് കാവടത്തിന് മുന്നിൽ നടക്കുന്ന റിലെ നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന അതുൽ ജോർജും ഒഐസിസി യു കെയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിന്‍റെ ഭാഗമായി.