ബട്ടർ ചിക്കൻ കഴിച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ വില്ലൻ ‘അനാഫൈലക്സിസ്’
Mail This Article
ലണ്ടൻ∙ ബട്ടർ ചിക്കൻ കഴിച്ചതിനെ തുടർന്ന് കുഴഞ്ഞ് വീണ് യുവാവ് മരിച്ച സംഭവത്തിന് കാരണം അനാഫൈലക്സിസ് അലർജിയാണെന്ന് സ്ഥിരീകരണം. കൊറോണർ കോടതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാഴ്സലായി വാങ്ങിയ ബട്ടർ ചിക്കനിന്‍റെ ഒരു ക്ഷണം കഴിച്ചപ്പോൾ തന്നെ യുവാവ് കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുമായിരുന്നു. ബട്ടർ ചിക്കനിലുണ്ടായിരുന്ന ബദാമിനോടുള്ള അലർജിയാണ് യുവാവിന്‍റെ മരണത്തിന് കാരണമായത്.
ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ബറിയിൽ നിന്നുള്ള ജോസഫ് ഹിഗ്ഗിൻസൺ (27) ആണ് മരിച്ചത്. അണ്ടിപരിപ്പ്, ബദാം എന്നിവയോടുള്ള അലർജിയായ അനാഫൈലക്സിസ് ബാധിതനായിരുന്നു യുവാവ്. മെക്കാനിക്കായ ഹിഗ്ഗിൻസൺ വാങ്ങിയ ബട്ടർ ചിക്കനിൽ ബദാം അടങ്ങിയിരുന്നതായി വ്യക്തമായി സൂചിപ്പിച്ചിരുന്നു. മുൻപ് അണ്ടിപരിപ്പ് പോലെയുള്ളവ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചിട്ടും കാര്യമായ പ്രശ്നമില്ലാത്തതിനാൽ ഹിഗ്ഗിൻസൺ ബട്ടർ ചിക്കൻ കഴിച്ചത് എന്നാണ് കരുതപ്പെടുന്നത്. പാഴ്സൽ നൽകിയ സ്ഥാപനത്തിന്‍റെ ഭാഗത്തുനിന്ന് ഒരു തെറ്റും കണ്ടെത്തിയില്ലെന്ന് കോടതി വ്യക്തമാക്കി.
∙ അലർജിയെ ഗൗരവത്തോടെ കാണണം
‘'അലർജിയുള്ള ആളുകൾ എല്ലായ്പ്പോഴും സാഹചര്യത്തെ ഗൗരവമായി കാണണം. ഇത് നിസ്സാരമായി എടുക്കാവുന്ന ഒന്നല്ല - ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ ഇത് ശ്രദ്ധിക്കണം’’– ജോസഫ് ഹിഗ്ഗിൻസണിന്‍റെ സഹോദരി, എമിലി ഹിഗ്ഗിൻസൺ പറഞ്ഞു.
മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ഹിഗ്ഗിൻസണ് അലർജിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അലർജി പ്രതിപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണമായ എപിപെൻ ഹിഗ്ഗിൻസണ്‍ കൈവശം കരുതിയിരുന്നു. അടിയന്തിര വൈദ്യ ഇടപെടൽ ഉണ്ടായിരുന്നിട്ടും ഹിഗ്ഗിൻസന്‍റെ അവസ്ഥ അതിവേഗം വഷളായി.
2022 ഡിസംബർ 28ന് കുടുംബമായി ആഹാരം കഴിക്കുന്നതിനിടെയായാരുന്നു സംഭവം.കുഴഞ്ഞു വീണ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ ജനുവരി 4 ന് റോയൽ ബോൾട്ടൺ ഹോസ്പിറ്റലിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് കൊറോണർ കോടതി വിഷയത്തിൽ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. മരണകാരണം അലർജിയാണെന്ന് പാത്തോളജിസ്റ്റ് ഡോ ഫിലിപ്പ് ലംബ് സ്ഥിരീകരിച്ചു. വിഭവത്തിൽ ബദാം ഉണ്ടെന്ന് മെനുവിൽ വ്യക്തമായി പറഞ്ഞിരുന്നു.