27 വർഷം നീണ്ട പാർലമെന്‍ററി ജീവിതം അവസാനിപ്പിക്കുന്നു; അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ
Mail This Article
ലണ്ടൻ∙ അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും എംപിയായി തുടർന്നിരുന്ന തെരേസ 27 വർഷം നീണ്ട പാർലമെന്‍ററി ജീവിതത്തിനാണ് അവസാനം കുറിക്കന്നത്. 1997 മുതൽ തുടർച്ചയായി മെയ്ഡൻഹെഡ് മണ്ഡലത്തെ പ്രതീനിധീകരിച്ചിരുന്ന തെരേസ മേ 2016 മുതൽ 2019 വരെ മൂന്നു വർഷക്കാലമാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായിരുന്നത്. 2010 മുതൽ ആറുവർഷക്കാലം കാമറൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്നു.
ബ്രക്സിറ്റ് റഫറണ്ടത്തിന്‍റെ പശ്ചാത്തലത്തിൽ ഡേവിഡ് കാമറൺ രാജിവച്ച ഒഴിവിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ തെരേസ മേ പ്രധാനമന്ത്രിയായത്. എല്ലാവരും പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്ന ബോറിസ് ജോൺസണിനെതിരെ മൽസരരംഗത്തുവന്ന തെരേസ മേ പെട്ടെന്ന് പാർട്ടിയിൽ നേതാവായി വളരുകയായിരുന്നു. ഇവർ മൽസരത്തിനിറങ്ങിയതോടെ ബോറിസ് ജോൺസൺ പിന്മാറുകയും ചെയ്തു. മൂന്നുവർഷം പ്രധാനമന്ത്രിയായിരുന്നിട്ടും യൂറോപ്യൻ യൂണിയനുമായുള്ള ബ്രക്സിറ്റ് കരാർ യാഥാർത്ഥ്യമാക്കാൻ തെരേസ മേക്ക് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിൽ 2019ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവർ രാജിവച്ചൊഴിയുകയായിരുന്നു. പന്നീട് പ്രധാനമന്ത്രിയായ ബോറിസാണ് ബ്രക്സിറ്റ് കരാറിന് പാർലമെന്‍റിന്‍റെ അംഗീകാരം നേടി വൻ ഭൂരിപക്ഷത്തോടെ ടോറികളെ വീണ്ടും അധികാരത്തിൽ നിലനിർത്തിയത്.
തെരേസ മേ ഉൾപ്പെടെ നിലവിൽ എംപിമാരായ അറുപതു ടോറി അംഗങ്ങളാണ് ഇതിനോടകം അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ബോറിസ് ജോൺസൺ, ബെൻ വാലിസ് തുടങ്ങിയ പ്രമുഖ പല നേതാക്കളും നേരത്തെ തന്നെ മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.