ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കുന്ന മലയാളി ഓട്ടോ ഡ്രൈവര്‍; അതിശയിച്ച് യുകെ വ്ളോഗർ സാക്കി സൂ, വിഡിയോ വൈറൽ
Mail This Article
ലണ്ടൻ/കൊച്ചി ∙ ബ്രിട്ടിഷ് വ്‌ളോഗറുടെ മനം കവർന്ന മലയാളി ഓട്ടോ ഡ്രൈവറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സന്ദർശനത്തിന് എത്തിയ ബ്രിട്ടിഷ് വ്‌ളോഗറായ സാക്കി സൂവാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ എടിഎം അന്വേഷിക്കുന്നതിനിടെ അഷ്‌റഫ് എന്ന ഓട്ടോ ഡ്രൈവറെ കണ്ടുമുട്ടാൻ കഴിഞ്ഞെന്നും അഷ്‌റഫിന്‍റെ ഇംഗ്ലിഷിലുള്ള സംസാരം തന്നെ അതിശയിപ്പിച്ചു എന്നുമാണ് സാക്കി സൂവിന്‍റെ വിഡിയോയുടെ ഉള്ളടക്കം.
ഓട്ടോ ഡ്രൈവർക്ക് ഇംഗ്ലിഷ് അറിയുമോ എന്ന സന്ദേഹത്താൽ ആദ്യം ഒന്ന് മടിച്ചെങ്കിലും എടിഎം എവിടെയാണ് ഉള്ളതെന്ന് സാക്കി സൂ ഓട്ടോ ഡ്രൈവറോട് തിരക്കി. നിമിഷ നേരം കൊണ്ട് വ്‌ളോഗറെ ഞെട്ടിച്ചുകൊണ്ട് ഓട്ടോ ഡ്രൈവര്‍ ഇംഗ്ലിഷില്‍ മറുപടി നൽകി. കുറച്ചു മീറ്ററുകള്‍ക്കപ്പുറം എടിഎം ഉണ്ടെന്നും ഓട്ടോയില്‍ കയറുകയാണെങ്കില്‍ എടിഎമ്മിന് സമീപം ഇറക്കിത്തരാമെന്നും അഷ്‌റഫ് സാക്കി സൂവിനോട് പറഞ്ഞു. തുടർന്ന് ഡ്രൈവറുടെ സംസാരം ഇഷ്ടപ്പെട്ട സാക്കി സൂ ഓട്ടോയിൽ എടിഎം സെന്‍ററിൽ പോകാൻ തയ്യാറാവുകയായിരുന്നു.
അഷ്‌റഫ് നന്നായി ഇംഗ്ലിഷ് സംസാരിച്ചുവെന്നും ഇന്ത്യയിലെ ഒരു ഓട്ടോ ഡ്രൈവറും ഇത്ര നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നത് മുമ്പ് കേട്ടിട്ടില്ലെന്നും സാക്കി സൂ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കി. വിഡിയോ ഇൻസ്റ്റഗ്രാമിൽ മാർച്ച് രണ്ടിനാണ് സാക്കി സൂ പോസ്റ്റ് ചെയ്തത്. മില്യൻ കണക്കിന് ആളുകളാണ് സാക്കിയുടെ പോസ്റ്റ് കണ്ടത്. 7 ലക്ഷത്തില്‍പ്പരം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും ആറായിരത്തോളം ആളുകൾ കമന്‍റുകൾ ചെയ്യുകയും ചെയ്തു. കേരളത്തെ പുകഴ്ത്തുന്ന നിരവധി കമന്‍റുകളാണ് സ്വദേശികളും വിദേശികളുമായ നിരവധി ആളുകൾ പോസ്റ്റിന് അടിയിൽ കുറിച്ചത്.