103–ാം വയസ്സിൽ ലൈസൻസിലാതെ കാറോടിച്ചതിന് പൊലീസ് പൊക്കി; മുത്തശ്ശിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, ഇനി കറക്കം മോപ്പഡിൽ
Mail This Article
സൂറിക് ∙ നൂറ്റിമൂന്നാം വയസ്സിൽ ഡ്രൈവിങ് ലൈസൻസും, ഇൻഷുറൻസുമില്ലാതെ കാർ ഓടിച്ചതിന് ഈ ആഴ്ച ആദ്യമാണ് ഇറ്റാലിയൻ മുത്തശ്ശി ഗിയുസെപ്പിന മോളിനരി (വിളിപ്പേര് ഗിയോസെ)യെ പൊലീസ് പൊക്കിയത്. വടക്കൻ ഇറ്റലിയിലെ ചെറു നഗരമായ ബോണ്ടെനൊയിൽ രാത്രി ഒരു മണിക്ക് ഗിയോസെയുടെ വരവ് കണ്ട് പൊലീസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ്, മുത്തശ്ശിക്കു ലൈസൻസുമില്ല, ഇൻഷുറൻസുമില്ലെന്നു തെളിഞ്ഞത്. അതോടെ പൊലീസ് പൊക്കിയ ലോകചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന 'കള്ള ഡ്രൈവർ' ഗിയോസെയെന്ന് മാധ്യമങ്ങൾ വാർത്ത നൽകി.
ഗിയോസെയുടെയുടെ താമസം വിഗനാനോ എന്ന കുഗ്രാമത്തിലാണ്. അവിടെ കൂട്ടിന് കുറെ കോഴികൾ മാത്രം. തന്റെ താമസസ്ഥലത്തു നിന്നും അടുത്ത ടൗണായ ബോണ്ടെനൊയിലേക്കും, ചുറ്റുവട്ടത്തുള്ള പരിചയക്കാരെയും സന്ദർശിക്കാനായി സ്ഥിരം റൂട്ടുകളിൽ മാത്രമായിരുന്നു ഇവരുടെ യാത്രകൾ. ഫിയറ്റിന്റെ ചെറു മോഡലായ വെള്ള പാണ്ടയായിരുന്നു സ്വന്തം കാർ. അതിൽ രാത്രി ഒരുമണിക്കുള്ള ഗിയോസെയുടെ വരവിൽ അസ്വാഭാവികത തോന്നി പൊലീസ് തടയുകയായിരുന്നു. പരിചയക്കാരെ കാണാൻ പോകുകയാണെന്ന് ഗിയോസെ പറഞ്ഞപ്പോൾ, ഇവരുടെ സമയബോധത്തിൽ സംശയം തോന്നി പൊലീസ് കൂടുതൽ പരിശോധനകളിലേക്ക് കടന്നു. ഗിയോസെയുടെ കാർ പൊലീസ് കൊണ്ടുപോയെങ്കിലും, ഗിയോസെയെ രാത്രി പൊലീസ് തന്നെ വീട്ടിൽ എത്തിച്ചു.
103 വയസ്സിലും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ വളരെ ലൈവായി ജീവിക്കുന്ന ആളാണ് ഗിയോസെ. ചീട്ടുകളി, ഐസ്ക്രിം കഴിക്കൽ, പരിചയക്കാരെ സന്ദർശിക്കുക, ഷോപ്പിങ് ഇതൊക്കെയാണ് ജീവിതചര്യയിലെ മുഖ്യ ഇനങ്ങൾ. കുറച്ചു മാസങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ ലൈസൻസുമായി ഗിയോസെയെ പൊലീസിന് മുന്നിൽ പെട്ടെങ്കിലും, പുതുക്കാൻ താക്കിത് നൽകി വിട്ടയക്കുകയായിരുന്നു. "ഈ പ്രായത്തിൽ ഞാൻ എത്തിയെങ്കിൽ, എനിക്ക് തോന്നുന്നപോലെ ഇനി ജീവിക്കുമെന്നായിരുന്നു" നൂറാം ജനാദിനാഘോഷത്തിൽ ഇവരുടെ പ്രഖ്യാപനം.
ലൈസൻസില്ലാതെ കാർ ഓടിച്ചതിൽ ഖേദം പ്രകടിപ്പിച്ച ഗിയോസെ, ഇറ്റാലിയൻ ടിവി ചാനലായ റായിയോട് പറഞ്ഞത് ആരെയും ആശ്രയിക്കാതെയും, ബന്ധങ്ങൾ ഒക്കെ പരിപാലിച്ചുമുള്ള ജീവിതശൈലി ഇനിയും തുടരും എന്നാണ്. അതിന് ഏറ്റവും അത്യാവശ്യം സഞ്ചാരസ്വാതന്ത്ര്യമാണ്. അത് ആർക്കും അടിയറവ് വയ്ക്കാൻ ഉദ്ദേശമില്ല. അടുത്ത ദിവസങ്ങളിൽ തന്നെ ലൈസൻസ് ആവശ്യമില്ലാത്ത മോപ്പഡ് വാങ്ങിക്കും, ഓടിക്കും. നിലവിൽ സൈക്കിളിലാണ് മുത്തശ്ശിയുടെ കറക്കം.