അഭ്യൂഹങ്ങൾക്ക് വിരാമം, മേയ് രണ്ടിന് പൊതുതിരഞ്ഞെടുപ്പ് ഇല്ലെന്ന് ഋഷി സുനക്
Mail This Article
ലണ്ടൻ ∙ മേയ് രണ്ടിന് ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ് നടത്താൽ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇതോടെ മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇത്തരമൊരു ആവശ്യം പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി ഉന്നയിച്ചിരുന്നു.
ഐടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മേയിലെ തിരഞ്ഞെടുപ്പു സാധ്യതകൾ പ്രധാനമന്ത്രി തള്ളിക്കളഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ വേനൽ അവധിക്കു ശേഷം സെപ്റ്റംബറിലോ, ഒക്ടോബറിലോ തിരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കുന്നത്.
2025 ജനുവരി 28 ആണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ട അവസാന ദിവസം. ഇതിനു മുമ്പ് രാജാവിന്റെ അനുമതി വാങ്ങി നിലവിലെ പാർലമെന്റ് പിരിച്ചുവിടണം. പിന്നീട് 25 ദിവസത്തെ ഇടവേളയ്ക്കു ശേഷമേ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ.