യുകെയിൽ ഹിറ്റായി മലയാളി നഴ്സിന്റെ നാടൻ വാറ്റ്; ഏപ്രിൽ 15 മുതൽ സൂപ്പർമാർക്കറ്റുകളിലേക്ക്
Mail This Article
ലണ്ടൻ∙ മലയാളിയുടെ ‘നാടൻ വാറ്റ്’ യുകെയിലും ശ്രദ്ധനേടുന്നു. യുകെയിലെ നോർത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു മാണി യുകെയിൽ ആദ്യമായി നാടൻ വാറ്റ് സർക്കാർ അനുമതിയോടെ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഒറ്റക്കൊമ്പൻ ഏപ്രിൽ 15 മുതൽ വിവിധ സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ എത്തി തുടങ്ങും.
കേരളത്തിലെ വാറ്റുകാരുടെ നാടൻ വിദ്യകൾ ശേഖരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് ലണ്ടനിൽ നിന്നും 50 മൈൽ ദൂരത്തിലുള്ള ഡോർചെസ്റ്ററിലെ സ്വകാര്യ ഡിസ്റ്റിലറി ലീസിനെടുത്ത് സർക്കാർ അനുമതിയോടെ ഒറ്റക്കൊമ്പൻ ബ്രാൻഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ നാടൻ മദ്യം രാജ്യാന്തര വിപണികളിൽ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടൻ വാറ്റിനെ യുകെയിൽ മാർക്കറ്റ് ചെയ്തുകൂടാ എന്ന് ബിനു മാണി ഏകദേശം 12 വർഷം മുൻപ് ചിന്തിച്ചത്. തുടർന്ന് വർഷങ്ങളോളം പഠനം നടത്തി യുകെ സർക്കാരിന്‍റെ അനുമതികളെല്ലാം വാങ്ങിശേഷമാണ് 8 മാസം മുൻപ് മദ്യനിർമാണം ഡിസ്റ്റിലറി വഴി ആരംഭിച്ചത്.
ഫെബ്രുവരി 15 നാണ് നാടൻ വാറ്റ് വിപണിയിൽ ഇറക്കും വിധം തയ്യാറായത്. ഇപ്പോൾ സൂപ്പർമാർക്കറ്റിൽ ലഭ്യമല്ലങ്കിലും യുകെ മലയാളികൾക്കിടയിൽ പാഴ്‌സൽ രൂപത്തിൽ ഒറ്റക്കൊമ്പൻ എത്തി തുടങ്ങി. 700 മില്ലി ലിറ്ററിന്‍റെ ഒരു കുപ്പിക്ക് 35.50 പൗണ്ടാണ് വില. ആവശ്യക്കാർക്ക് രണ്ട് കുപ്പി വീതമാണ് ലഭിക്കുക. പാഴ്‌സൽ ചാർജായി 5.70 പൗണ്ട് പ്രത്യേകം അടയ്ക്കണം. ഒറ്റക്കൊമ്പന്‍റെ കസ്റ്റമർ കെയർ നമ്പരായ +447916336379 വഴി പാഴ്‌സൽ ഓർഡർ ചെയ്യാവുന്നതാണ്. നെല്ലിക്ക, നാട്ടിലെ പുഴുങ്ങാത്ത നെല്ല്, പശ്ചിമഘട്ടത്തിൽ നിന്നും ശേഖരിക്കുന്ന 14 തരം സുഗന്ധദ്രവ്യങ്ങൾ എന്നിവ അടങ്ങുന്നതാണ് ഒറ്റക്കൊമ്പൻ വാറ്റ്. 40 ശതമാനമാണ് ഒറ്റക്കൊമ്പനിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്‍റെ അളവ്. കുപ്പിയിൽ ‘നാടൻ വാറ്റ്’ എന്ന് മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഉൾപ്പടെ ഉള്ള ഭാഷകളിൽ പ്രിന്‍റ് ചെയ്തിട്ടുണ്ട്.
യുകെയിൽ 2004 ൽ എത്തിയ ബിനു മാണി എൻഎച്ച്എസിലെ ബാൻഡ് 8 എ നഴ്സാണ്. ഒറ്റക്കൊമ്പൻ വിപണിയിൽ എത്തിക്കുവാൻ ബിനുവിനൊപ്പം തിരുവനന്തപുരം കരമന സ്വദേശിയായ യുകെ മലയാളി ബി. അജിത്കുമാർ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 65 ലക്ഷം രൂപ മുതൽ മുടക്കിലാണ് ഒറ്റക്കൊമ്പൻ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ മൂന്ന് ജീവനക്കാരാണ് ഡെലിവറി ഉൾപ്പടെ ഉള്ള കാര്യങ്ങൾക്കായി ഇവരോടൊപ്പം ഉള്ളത്. ഭാവിയിൽ സ്വന്തം ഡിസ്റ്റിലറി ഉൾപ്പടെ ധാരാളം ആളുകൾക്ക് ജോലി നൽകാൻ കഴിയുന്ന ഒരു സ്ഥാപനമായി ഒറ്റക്കൊമ്പൻ വളരുമെന്ന പ്രതീക്ഷയിലാണ് ബിനു മാണി.
(ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)