ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്; പലിശ നിരക്കിൽ തീരുമാനം അറിയാൻ ആകാംഷയോടെ വീട് ഉടമകൾ
Mail This Article
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാൻസ് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ലക്ഷക്കണക്കിന് വീട് ഉടമകൾ. മൂന്നു ശതമാനത്തിൽ താഴെ, രണ്ടുവർഷത്തേക്കും അഞ്ചുവർഷത്തേക്കുമൊക്കെ ഫിക്സഡ് മോർഗേജെടുത്ത പതിനഞ്ച് ലക്ഷത്തോളം വീടുകളുടെ റീമോർഗേജാണ് 2024ൽ വരുന്നത്. ഇവർക്കെല്ലാം പലിശ നിരക്കിലെ ചെറിയ കുറവ് ആശ്വാസവും, വർധന വലിയ പ്രഹരവുമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച 2026 ആകുമ്പോഴേക്കും അമ്പതു ലക്ഷം പേരാണ് ബ്രിട്ടനിൽ വീടുകൾ റീമോർഗേജ് നടത്താനുള്ളത്.
കോവിഡ് കാലത്ത് കേവലം 0.25 ശതമാനമായിരുന്ന പലിശനിരക്കാണ് പതിമ്മൂന്ന് തവണയായി ഉയർത്തി ഇപ്പോൾ അഞ്ചു ശതമാനം എന്ന നിരക്കിൽ എത്തിച്ചിരിക്കുന്നത്. 14 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് നിലവിലുള്ളത്. രാജ്യത്തെ പണപ്പെരുപ്പനിരക്ക് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലായിരുന്നു പലിശ കുത്തനെ ഉയർത്താനുള്ള ഇത്തരമൊരു തീരുമാനത്തിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർബന്ധിതരായത്. എന്നാൽ ഇപ്പോൾ പണപ്പെരുപ്പ നിരക്ക് 11 ശതമാനത്തിൽ നിന്നും നാല് ശതമാനത്തിലേക്ക് താഴ്ന്നു എന്നാണ് സർക്കാർ അവകാശവാദം. എന്നിട്ടും പലിശ നിരക്കിൽ കുറവൊന്നും ഉണ്ടാകുന്നില്ല. 2023 ഡിസംബർ 14നുശേഷം നിരക്കുവർധന ഉണ്ടായിട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പലിശ കുത്തനെ ഉയർത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം മോർഗേജുള്ള എല്ലാവരെയും വീടു വാങ്ങാൻ കാത്തിരിക്കുന്നവരെയും ശരിക്കും വലയ്ക്കുകതന്നെ ചെയ്തു. അഞ്ചു ശതമാനത്തിൽ താഴെ ഫിക്സഡ് മോർഗേജുകൾ അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. ഇന്നത്തെ യോഗത്തിൽ പലിശ കുറയ്ക്കാത്ത പക്ഷം ഇത് ഇനിയും ഉയരും.
ഫിക്സഡ് മോർഗേജുകൾ താങ്ങാനാകാതെ വന്നതോടെ പലരും ഇന്ററസ്റ്റ് ഓൺലി മോർഗേജിലേക്ക് മാറുകയാണ്. ട്രാക്കർ മോർഗേജുകളിലേക്കു മാറി, പലിശ കുറയുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നവക്ക് ഒട്ടും ആശ്വസിക്കാൻ വകയില്ലാത്തതാണ് ഓരോദിവസവും പുറത്തുവരുന്ന വാർത്തകൾ. ഓരോ 0.25 ശതമാനം വർധനയ്ക്കും ആനുപാതികമായി ശരാശരി 50-75 പൗണ്ടിന്റെ വർധനയാണ് ഇക്കൂട്ടർക്ക് തിരിച്ചടവിൽ ഉണ്ടാകുന്നത്.
പണപ്പെരുപ്പ നിരക്ക് കുറഞ്ഞതും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നതും മാത്രമാണ് ഇന്നത്തെ യോഗത്തിൽ എല്ലാവരും പ്രതീക്ഷ വയ്ക്കുന്നതിന് കാരണം. പലിശനിരക്ക് കുറയ്ക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ടോറികൾ പച്ചതൊടില്ല. ഇതറിഞ്ഞുള്ള തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. 2008ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിലാണ് സമാനമായ രീതിയിൽ രാജ്യത്ത് പലിശനിരക്ക് അഞ്ചു ശതമാനത്തിലെത്തിയത്.
മോർഗേജുകളെയും ക്രെഡിറ്റ് കാർഡ് പേമെന്റുകളെയും ബാങ്ക് ലോണുകളെയുമെല്ലാം പലിശനിരക്കിലെ വർധന നേരിട്ടു ബാധിച്ചു. ബേസ് റേറ്റ് രണ്ടു ശതമാനത്തിന് മുകളിലേക്ക് ഉയർന്നപ്പോൾ തന്നെ വീടു വിപണിയിൽ ഇടിവ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മാസങ്ങൾക്കുള്ളിൽ എട്ടു മുതൽ പതിനഞ്ച് ശതമാനം വരെ വിലക്കുറവാണ് പ്രോപ്പർട്ടി മാർക്കറ്റിൽ ഉണ്ടായത്.