കാൻസർ രോഗത്തിന് ചികിൽസയിലാണെന്ന് തുറന്നു പറഞ്ഞ് കെയ്റ്റ് രാജകുമാരി; അഭ്യൂഹങ്ങൾക്ക് വിരാമം
Mail This Article
ലണ്ടൻ ∙ കെയ്റ്റ് രാജകുമാരിക്ക് കാൻസർ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാൻസർ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി ചികിൽസ ആരംഭിച്ചതായും വിഡിയോ സന്ദേശത്തിലൂടെ രാജകുമാരി തന്നെയാണ് ലോകത്തോടു തുറന്നു പറഞ്ഞത്. എന്നാൽ ഏതു തരം കാൻസറാണെന്ന് വ്യക്തമാക്കുന്നില്ല. ഇതോടെ ആഴ്ചകളായി രാജകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി.
ചാൾസ് രാജാവിന്റെ മൂത്ത മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യയാണ് കെയ്റ്റ്. ഏതാനും ആഴ്ചകൾക്കു മുമ്പ് ചാൾസ് രാജാവിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതു പരിപാടികൾ എല്ലാം മാറ്റിവച്ച് ചികിൽസയിലും വിശ്രമത്തിലുമാണ് രാജാവ്. ഒഴിവാക്കാനാകാത്ത ഭരണഘടനാപരമായ ചുമതലകൾ മാത്രമേ രാജാവ് ഇപ്പോൾ നിർവഹിക്കുന്നുള്ളൂ.
ജനുവരി അവസാനവാരം ലണ്ടനിലെ ആശുപത്രിയിൽ കെയ്റ്റ് രാജകുമാരി ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അന്നു മുതൽ പൊതുവേദികളിൽനിന്നും ഔദ്യോഗിക പരിപാടികളിൽനിന്നുമെല്ലാം വിട്ടുനിന്ന കെയ്റ്റിന്റെ ആരോഗ്യത്തെക്കുറിച്ച് ബ്രിട്ടിഷ് ടാബ്ളോയിഡുകളിലും സോഷ്യൽ മീഡിയയിലും ഏറെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കുടുംബം വെല്ലുവിളിയെ നേരിടുന്ന ഘട്ടമാണെന്ന വില്യമിന്റെ തുറന്നു പറച്ചിലും രാജാവിന്റെ അസാന്നിധ്യത്തിൽ പല പരിപാടികളിലും നേരിട്ട് പങ്കെടുക്കേണ്ടിയിരുന്ന രാജകുമാരൻ ഇതിൽ പലതും ഒഴിവാക്കിയതുമാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായിരുന്നു പല പരിപാടികളും അദ്ദേഹം ഒഴിവാക്കിയത്.
രാജകുമാരിയുടെ വിഡിയോ സന്ദേശമല്ലാതെ ഇതുസംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾക്കൊന്നും കെൻസിങ്ടൺ പാലസ് തയാറാകുന്നില്ല. സ്വകാര്യമായ ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കാനില്ലെന്നും ഇത് അവരുടെ അവകാശമാണെന്നുമാണ് വിശദീകരണം.
കാൻസർ സ്ഥിരീകരിച്ചുള്ള അറിയിപ്പ് തികച്ചും ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും ഏറെ ദുഷ്കരമായ ഏതാനും ആഴ്ചകളാണ് കടന്നുപോയതെന്നും രാജകുമാരി വിഡിയോ സന്ദേശത്തിൽ വിവരിച്ചു. ഓരോ ദിവസവും താൻ കൂടുതൽ കരുത്താർജിച്ചു വരികയാണെന്നും അവർ വെളിപ്പെടുത്തി. ആശുപത്രിയിലായിരിക്കെ ജനങ്ങൾ കാണിച്ച സ്നേഹവും അയച്ച സന്ദേശങ്ങളും തനിക്ക് സന്തോഷം നൽകിയെന്നും വില്യമിന്റെയും കുഞ്ഞുങ്ങളുടെയും സാമീപ്യം സ്വാന്തനം നൽകുന്നതായും രാജകുമാരി വെളിപ്പെടുത്തി.
കെയ്റ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയന്ന് അമേരിക്കയിലുള്ള ഹാരി രാജകുമാരനും ഭാര്യ മെഗാൻ മെർക്കലും ആശംസിച്ചു.