മോസ്കോയിലെ ഭീകരാക്രമണം: ജർമൻ ചാൻസലർ അപലപിച്ചു
Mail This Article
ബെർലിൻ ∙ മോസ്കോയില്‍ നടന്ന ഭീകരാക്രമണത്തിൽ ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അപലപിച്ചു. നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ വിപുലമായ അന്വേഷണം വേണമെന്ന് ഒലാഫ് ആവശ്യപ്പെട്ടു. ' രാജ്യത്തിന്റെ ചിന്തകള്‍ ഇരകളുടെ കുടുംബങ്ങളോടും പരിക്കേറ്റ എല്ലാവരോടും കൂടെയാണ് ' - ഒലാഫ് പ്രസ്താവനയില്‍ പറഞ്ഞു.
റഷ്യയില്‍ നടന്ന കൂട്ടക്കുരുതിയെക്കുറിച്ച് ജര്‍മ്മനിയും ഫ്രാന്‍സും വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടു. മോസ്കോക്ക് പുറത്ത് ഒരു കച്ചേരി ഹാളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തണമെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 'മോസ്കോയ്ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളില്‍ നിരപരാധികള്‍ക്ക് നേരെയുള്ള ഭീകരമായ ആക്രമണത്തിന്റെ ചിത്രങ്ങള്‍ ഭയാനകമാണ്. പശ്ചാത്തലം വേഗത്തില്‍ അന്വേഷിക്കണം. ഇരകളുടെ കുടുംബങ്ങളോടൊപ്പം രാജ്യത്തിന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു' - മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
യുഎസും ഇയുവും ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഞെട്ടലും ഭീതിയുമുണ്ടെന്ന് വിദേശകാര്യ, സുരക്ഷാ നയങ്ങള്‍ക്കായുള്ള സംഘത്തിന്റെ മുഖ്യ വക്താവ് പീറ്റര്‍ സ്ററാനോ സമൂഹമാധ്യമത്തിൽ കുറിച്ചു.
മോസ്കോയ്ക്ക് സമീപം കച്ചേരി ഹാളിലുണ്ടായ ആക്രമണത്തില്‍ 115 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 11 പേരില്‍ നാല് പേരെ കസ്ററഡിയിലെടുത്തതായി എഫ്എസ്ബി പറഞ്ഞു. ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് പോയ അക്രമികളെ അറസ്ററ് ചെയ്തതായി എഫ്എസ്ബി പറഞ്ഞു. "ഇസ്ലാമിക് സ്റേററ്റ്" ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ശനിയാഴ്ച മോസ്കോയിലുടനീളമുള്ള രക്തബാങ്കുകളില്‍ നൂറുകണക്കിന് ആളുകള്‍ രക്തവും പ്ളാസ്മയും ദാനം ചെയ്യാന്‍ തയ്യാറായി. 107 പേര്‍ കൂടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. മോസ്കോയുടെ പ്രാന്തപ്രദേശത്തുള്ള കച്ചേരി ഹാളിലേക്ക് അക്രമികള്‍ ഇരച്ചുകയറുകയും ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് മേധാവി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞു. വര്‍ഷങ്ങളായി റഷ്യയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. മോസ്കോ നഗരവും പ്രാദേശിക സര്‍ക്കാരുകളും ഇരകളുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്നും ശവസംസ്കാര ചടങ്ങുകള്‍ക്ക് പണം നല്‍കുമെന്നും അറിയിച്ചു.