നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ഫലിക്കുമോ ? ബ്രിട്ടനിൽ ആശങ്ക
Mail This Article
ലണ്ടൻ ∙ കലഹങ്ങൾ, കലാപങ്ങൾ, മരണങ്ങൾ, മാരകരോഗങ്ങൾ. ബ്രിട്ടിഷ് രാജകുടുംബത്തെ വേട്ടയാടാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് പതിനാറാം നൂറ്റാണ്ടിൽ നോസ്ട്രഡാമസ് നടത്തിയ നിഗൂഢ പ്രവചനങ്ങളെല്ലാം വീണ്ടും ചർച്ചയിലേക്ക്. ചാൾസ് രാജാവിനു പിന്നാലെ, മകനും കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽറ്റണിനു കാൻസർ സ്ഥീരികരിച്ചതോടെയാണ് നൂറ്റാണ്ടുകൾക്കു മുൻപു ഫ്രഞ്ച് പ്രവാചകൻ കുറിച്ചിട്ട വാക്കുകൾ ശ്രദ്ധ കവരുന്നത്.
വരാനിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ തീയതി കുറിച്ചിട്ട് ലോകത്തെ പിന്നീടു ഞെട്ടിച്ച നോസ്ട്രഡാമസ് 2024 എന്ന വർഷം രാജകുടുംബത്തിന് മോശം കാലമായിരിക്കുമെന്നാണ് പണ്ടേ എഴുതിവച്ചത്: ഒരു രാജാവ് പദവിയൊഴിയേണ്ട സാഹചര്യമുണ്ടാകുമെന്നും പകരം രാജകീയ പരിവേഷമൊന്നുമില്ലാതിരുന്ന ഒരാൾ പുതിയ രാജാവാകുമെന്നും. രോഗം മൂലമുള്ള അവശതകൾ കാരണം ചാൾസ് രാജാവ് സ്ഥാനമൊഴിയുമെന്നും രാജപദവികളെല്ലാം ഉപേക്ഷിച്ച് കൊട്ടാരം വിട്ട ഇളയമകൻ ഹാരി ബ്രിട്ടന്റെ പുതിയ രാജാവാകുമെന്നുമാണ് ആളുകൾ ഇതിനു വ്യാഖ്യാനം ചമയ്ക്കുന്നത്. ബ്രിട്ടിഷ് സിംഹാസന അവകാശികളിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള ഹാരി രാജാവാകുന്നത് എങ്ങനെ ? കിരീടാവകാശിയായ വില്യം അയോഗ്യനാകുന്നതെങ്ങനെ ? ഈ ചോദ്യങ്ങൾക്കൊന്നും തൽക്കാലം ഉത്തരമില്ല.
ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബ്രസീലുകാരൻ അതോസ് സലൊമെ, ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് തന്റെ അസുഖവിവരം വെളിപ്പെടുത്തിയതിനു പിറ്റേന്ന് ആ വാർത്തയുമായി പുറത്തിറങ്ങിയ ബ്രിട്ടിഷ് പത്രങ്ങളുടെ ഒന്നാം പേജുകൾ. കാൻസർ സ്ഥിരീകരിച്ചശേഷം കീമോതെറപ്പി ആരംഭിച്ചെന്നു പറഞ്ഞായിരുന്നു ശനിയാഴ്ച രാജകുമാരിയുടെ വിഡിയോ സന്ദേശം. ജീവിതത്തിലെ വലിയ പ്രതിസന്ധി മനക്കരുത്തോടെ നേരിടുന്ന കെയ്റ്റിന് രോഗശാന്തി നേർന്ന് ലോകമെമ്പാടു നിന്നുള്ള ആശംസകളുടെ പ്രവാഹമാണിപ്പോൾ.
കെയ്റ്റിന്റെ രോഗം സംബന്ധിച്ചു നടത്തിയിട്ടുള്ള പ്രവചനങ്ങൾ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ഒത്തുപോകുന്നതും ലോകമാകെ ചർച്ചയായിട്ടുണ്ട്. എല്ലുകളുടെയും കാൽമുട്ടിന്റെയും കാലുകളുടെയും അനാരോഗ്യം കെയ്റ്റിനെ അലട്ടുമെന്നും അതിനെക്കാളുപരി രാജകുടുംബാംഗമെന്ന പദവിയിൽ അവരെക്കാത്തിരിക്കുന്നതു വലിയ വെല്ലുവിളികളാണെന്നുമാണു സലൊമെ പ്രവചിച്ചിട്ടുള്ളത്.