കഴിഞ്ഞ വർഷം ബ്രിട്ടിഷുകാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത് 13.9 ബില്യൻ പൗണ്ട്
Mail This Article
ലണ്ടൻ ∙ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയമ്പോളും ബ്രിട്ടിഷുകാർ 13.9 ബില്യൻ പൗണ്ട് (ഏകദേശം 1,463,07 കോടി ഇന്ത്യൻ രൂപ) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയെന്ന് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും സമ്പന്നമായ ചില പ്രദേശങ്ങളിലെ ആളുകള്‍ഉദാരമതികൾ ആണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2022 ലെ കണക്കിനേക്കാള്‍ 9% വര്‍ധനവാണ് 2023 ൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ 12.7 ബില്യൻ പൗണ്ടാണ് ബ്രിട്ടിഷുകാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയത്.
ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍ (സിഎഎഫ്) പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ യുകെയിലെ ഏറ്റവും ദരിദ്രമായ ചില പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം കുടുംബ വരുമാനത്തിന്‍റെ അനുപാതമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കിയതായും കാണിക്കുന്നു. ബ്രിട്ടനിലെ 75% മുതിര്‍ന്നവരും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ സംഭാവന നല്‍കല്‍, സന്നദ്ധപ്രവര്‍ത്തനം, സ്പോണ്‍സര്‍ ചെയ്യല്‍ എന്നിവയുള്‍പ്പെടെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനമെങ്കിലും ചെയ്തു.
യുകെയുടെ അംഗരാജ്യങ്ങളായ സ്കോട്ലൻഡ്, വെയില്‍സ്, നോർത്തേൺ അയര്‍ലന്‍ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർ വരുമാനത്തിന് അനുപാതമായി ഇംഗ്ലണ്ടിലേതിനേക്കാള്‍ കൂടുതല്‍ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നല്‍കിയെന്നും സിഎഎഫ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലൻഡിലെ ഏറ്റവും അവശതയുള്ള ഭാഗങ്ങളിലൊന്നായ ബെല്‍ഫാസ്റ്റ് വെസ്റ്റിലെ ജനങ്ങളില്‍ നാലിലൊന്ന് (28.5%) ആളുകളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. എങ്കില്‍ പോലും അവരുടെ കുടുംബ വരുമാനത്തിന്‍റെ ശരാശരി 2.2% അവര്‍ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നല്‍കി.