ബ്രിട്ടനിലെ ഹോളി ആഘോഷങ്ങൾ കണ്ട് ഞെട്ടി ഇംഗ്ലിഷുകാര്‍
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ ഹോളി ആഘോഷങ്ങൾ കണ്ട് ഞെട്ടി ഇംഗ്ലിഷുകാർ. പ്രധാനമായും ബ്രിട്ടനിലെ ഡോർസെറ്റ്, ലെസ്റ്റർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹോളി ആഘോഷങ്ങൾ നടന്നത്. നൂറുകണക്കിന് ആളുകളാണ് വര്‍ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷങ്ങളില്‍ മുഴുകിയത്. ഇവർക്കൊപ്പം ഇംഗ്ലിഷുകാരും പങ്കെടുത്തു. ഹോളിയുടെ നിറക്കാഴ്ചകള്‍ വിവിധ ഇംഗ്ലിഷ് മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെയാണ് പങ്ക് വെച്ചിട്ടുള്ളത്. ഏകദേശം 800 മുതൽ 3000 വരെയുള്ള ആളുകൾ ഇരു സ്ഥലങ്ങളിലും ആഘോഷങ്ങളിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടനിലെ ഡോര്‍സെറ്റിലുള്ള പ്രശസ്തമായ കോര്‍ഫെ കാസിലിൽ ഹോളി ആഘോഷിക്കുന്നത് ഇതാദ്യമായിട്ടാണ്. ഇവിടുത്തെ കോട്ടയുടെ ഗാംഭീര്യമുള്ള പശ്ചാത്തലം ഹോളി ആഘോഷങ്ങളെ തുടർന്ന് ചായങ്ങളില്‍ മുങ്ങിയിരുന്നു. ആഘോഷങ്ങൾ ഇന്ത്യന്‍ പാചകരീതികളും ബോളിവുഡ് നൃത്ത പരിപാടികളും കൊണ്ട് അന്തരീക്ഷം സമ്പന്നമായി. നാഷനല്‍ ട്രസ്റ്റിന്‍റെ പങ്കാളിത്തത്തോടെ ബോണ്‍മൗത്ത്, പൂള്‍, ക്രൈസ്റ്റ് ചര്‍ച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷന്‍ എന്നിവ ചേര്‍ന്നാണ് 'റാങ് ബാഴ്സ് - കളേഴ്സ് ഓവര്‍ കോര്‍ഫ് കാസില്‍' എന്ന പേരില്‍ ഹോളി ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ലെസ്റ്ററിൽ നടന്ന ആഘോഷങ്ങളിൽ ‘ഹോളി തീകൊളുത്തൽ’ വ്യത്യസ്തമായിരുന്നു. ലെസ്റ്റർ മഹർ കമ്മ്യൂണിറ്റി അസോസിയേഷന്‍റെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. അന്തരീക്ഷമാകെ വിവിധ വർണ്ണങ്ങളാൽ നിറയുന്ന എട്ട് വ്യത്യസ്ത നിറങ്ങളിലുള്ള പൊടികൾ വായുവിലേക്ക് എറിയുന്ന രംഗ് ബാർസെ ആകർഷണീയാമായിരുന്നു. ജന്മനാട്ടിലെ ആഘോഷങ്ങള്‍ക്ക് പകരമാകില്ലെങ്കിലും ഇത്തരം ആഘോഷപരിപാടികള്‍ തങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ലെന്ന് ആഘോഷങ്ങളിൽ പങ്കെടുത്ത മിക്ക ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു.