അദാനി ഗ്രീന്‍ എനര്‍ജി ഗാലറിക്ക് ലണ്ടനില്‍ തുടക്കം; കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പദ്ധതിയെന്ന് ഗൗതം അദാനി
Mail This Article
ലണ്ടന്‍ ∙ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ പുനരുപയോഗ ഊര്‍ജം എങ്ങനെ സഹായിക്കുമെന്ന പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പും സയന്‍സ് മ്യൂസിയവും സംയുക്തമായി കൈകോര്‍ത്ത് 'അദാനി ഗ്രീന്‍ എനര്‍ജി ഗാലറി'ക്ക് ലണ്ടനില്‍ തുടക്കം കുറിച്ചു. ഹരിതോര്‍ജ വാതകങ്ങളുടെ ഫലപ്രദമായ ഉപയോഗം പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. എക്സിലൂടെയാണ് ഗാലറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഗൗതം അദാനി പങ്കുവച്ചത്. സര്‍ തിമോത്തി ലോറന്‍സിന്റെയും സര്‍ ഇയാന്‍ ബ്ലാച്ച്ഫോര്‍ഡിന്റെയും നേതൃത്വത്തിലുള്ള സയന്‍സ് മ്യൂസിയവുമായി കൂടിച്ചേര്‍ന്ന് അതിശയകരമായ ഗാലറി യാര്‍ഥാത്ഥ്യമാക്കിയതിലുള്ള സന്തോഷം ഗൗതം അദാനി പങ്കുവയ്ക്കുന്നു.
'കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം തുടങ്ങി നിരവധി വിഷയങ്ങള്‍ മനസിലാക്കുന്നതിനും ഹരിതോര്‍ജ വാതകങ്ങള്‍ എപ്രകാരം ഫലപ്രദമായ ഉപയോഗിക്കാമെന്നതും ഗാലറിയിലൂടെ ജനങ്ങള്‍ക്ക് മനസിലാക്കാം. ഈ ഗാലറി ഒരു സുപ്രധാന പൊതു ഇടമായി പ്രവര്‍ത്തിക്കും' ഗൗതം അദാനി എക്‌സിൽ കുറിച്ചു. 2021-ലാണ് അദാനി ഗ്രൂപ്പ് ഗ്രീന്‍ എനര്‍ജി ആദ്യമായി പ്രഖ്യാപിച്ചത്.
ലണ്ടനില്‍ ഇത്തരത്തില്‍ ഒരു ഗാലറി തുടക്കം കുറിക്കുമെന്നും ഗാലറി പ്രാവര്‍ത്തികമായാല്‍ ഹരിതോര്‍ജ വാതകങ്ങളെ കുറിച്ച് കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും ഗൗതം അദാനി മുൻപ് പറഞ്ഞിരുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പുറന്തള്ളല്‍ കുറച്ചുകൊണ്ടുള്ള സുസ്ഥിര വികസനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഗൗതം അദാനി വ്യക്തമാക്കി.