ആടുജീവിതം: യൂറോപ്പിലെ തിയറ്ററുകളിൽ മികച്ച പ്രതികരണം; ആദ്യദിനം വാരിയത് 1.3 കോടി, കുട്ടികൾക്കും കാണാം
Mail This Article
ലണ്ടൻ ∙ യുകെ ഉൾപ്പടെ യൂറോപ്പിലെ വിവിധ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ ആട് ജീവിതം തരംഗമാകുന്നു. ആദ്യദിനം ഒറ്റ ഷോയിലൂടെ ചിത്രം യൂറോപ്പിലെ 175 തിയറ്ററുകളിൽ നിന്നും വാരിയത് 1.3 കോടി രൂപയാണ്.
സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി പിന്നിട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. യുകെ, ഓസ്ട്രിയ, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറ്റലി, ലിത്വാനിയ, മാൾട്ട, നോർവേ, പോളണ്ട്, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ തിയറ്ററുകളിലാണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
വൈകാതെ ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലും പ്രദർശനം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ യൂറോപ്പിലെ വിതരണക്കാർ പറഞ്ഞു. യുകെയിലെ ലിവർപൂൾ മലയാളിയും പാല സ്വദേശിയുമായ റൊണാൾഡ് തോണ്ടിക്കലിന്റെ ഉടമസ്ഥതയിലുള്ള ആർഎഫ്റ്റി ഫിലിംസ് ആണ് ആടുജീവിതത്തിന്റെ യൂറോപ്യൻ രാജ്യങ്ങളിലെ വിതരണവകാശം നേടിയിട്ടുള്ളത്. കുട്ടികൾക്ക് ഉൾപ്പടെ കാണാവുന്ന തരത്തിലുള്ള അനുവാദമാണ് യുകെ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചിട്ടുള്ളതെന്ന് റൊണാൾഡ് തോണ്ടിക്കൽ മനോരമ ഓൺലൈനോട് പറഞ്ഞു. ആടുജീവിതം മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്നതിൽ ഏറെ സന്തോഷമുണ്ട്. മലയാളത്തിലെ മാസ്റ്റർപീസ് സിനിമകളിലൊന്നായാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നതെന്നും റൊണാൾഡ് തോണ്ടിക്കൽ കൂട്ടിച്ചേർത്തു.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാൻ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക അമല പോളാണ്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, കെ. ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രൾക്ക് ജീവൻ നൽകുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
സുനില്‍ കെ.എസ്. ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോൾ: പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍: സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: സുശീല്‍ തോമസ്, പ്രൊഡക്‌ഷൻ ഡിസൈനര്‍: പ്രശാന്ത് മാധവ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി: അശ്വത്, സ്റ്റില്‍സ്: അനൂപ് ചാക്കോ, മാര്‍ക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.