പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി യുകെയിലെ മലയാളികൾ
Mail This Article
ലണ്ടൻ • പ്രത്യാശയുടെ നിറവില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ക്രൈസ്തവർക്ക് ഈസ്റ്റര്‍. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി യുകെയിലെ നൂറുകണക്കിന് മലയാളികളായ വിശ്വാസികൾ വിവിധ സഭകളുടെ നേതൃത്വത്തിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകളിൽ പങ്കെടുത്തു.
സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും ഈസ്റ്റര്‍ ദിനത്തെ 50 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്. യുകെയിലെ സിറോ മലബാർ, മലങ്കര ഓർത്തഡോക്സ്, യാക്കോബായ, മലങ്കര കത്തോലിക്ക ഉൾപ്പടെയുള്ള വിവിധ സഭകളുടെ ദേവാലയങ്ങളിൽ ഇന്നലെ വൈകിട്ട് മുതൽ ഈസ്റ്റർ ദിന ശുശ്രൂഷകൾ നടന്നു. വൈകിട്ട് 4 മുതൽ വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചിരുന്നു. തുടർന്ന് ഇന്ന് ഭവനങ്ങളില്‍ പ്രത്യേക ഭക്ഷണ വിഭവങ്ങള്‍ ഒരുക്കി കുടുംബസംഗമങ്ങളും വിരുന്നുകളും സംഘടിപ്പിക്കപ്പെടും.