ഋഷി സുനകിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം; പാർട്ടി നൂറിൽ താഴെ സീറ്റുകളിൽ ഒതുങ്ങുമെന്ന് സർവേ
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ ടോറി പാർട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉണ്ടാകുമെന്ന് സർവേ റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ഭരണപക്ഷമായ ടോറി (കൺസർവേറ്റീവ് പാർട്ടി) നൂറിൽ താഴെ സീറ്റുകളിൽ ഒതുങ്ങുമെന്നാണ് 15,000 പേരെ പങ്കെടുപ്പിച്ച് നടത്തിയ ഒരു സർവേ പറയുന്നത്. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് 468 സീറ്റും ടോറികൾക്ക് 98 സീറ്റുമാണ് സർവേ പ്രവചിക്കുന്നത്. 286 സീറ്റിന്റെ മഹാഭൂരിപക്ഷമാണ് ലേബർ പാർട്ടിക്ക് ലഭിക്കുക.
ലേബറിന് 45 ശതമാനം വോട്ട് ഷെയറാണ് സർവേ പ്രവചിക്കുന്നത്. കൺസർവേറ്റീവിന് ലഭിക്കുന്നതിനേക്കാൾ 19 ശതമാനം കൂടുതലാണിത്. ടോറികൾക്ക് സ്കോട്ട്ലൻഡിലും വെയിൽസിലും ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്. മാത്രമല്ല, റിച്ച്മണ്ട് മണ്ഡലത്തിൽ പ്രധാനമന്ത്രി ഋഷി സുനക് ലേബർ പാർട്ടിയോട് തോൽക്കാനുള്ള സാധ്യതയും സർവേ തള്ളിക്കളയുന്നില്ല.
സ്കോട്ട്ലൻഡിൽ സ്കോട്ടീഷ് നാഷനൽ പാർട്ടി 41 സീറ്റുകളിൽ വിജയം നേടുമെന്നാണ് സർവേയുടെ കണ്ടെത്തൽ. ലിബറൽ ഡമോക്രാറ്റിക് പാർട്ടി 22 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു. 2019ലെ തിരഞ്ഞെടുപ്പിൽ ടോറികൾക്ക് 365 സീറ്റും ലേബറിന് 203 സീറ്റും സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 48സീറ്റും ലിബറൽ ഡെമോക്രാറ്റുകൾക്ക് 11 സീറ്റുമാണ് ലഭിച്ചത്.