ജർമനിയിൽ പ്രത്യേക കഞ്ചാവ് ക്ലബുകള്‍ ജൂലൈ 1 മുതല്‍; കഞ്ചാവ് ഉപയോഗത്തിനുള്ള അനുമതി നടപ്പിലായി
Mail This Article
ബര്‍ലിന്‍ ∙ ജർമനിയിൽ പ്രായപൂർത്തിയായവർക്ക് സ്വന്തം ഉപയോഗത്തിനായി 25 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കാനും 50 ഗ്രാം വരെ വീട്ടില്‍ സൂക്ഷിക്കാനും അനുമതി നൽകുന്ന നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിയമം നടപ്പാക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എത്തിയ ലക്ഷകണക്കിന് പേരെ കൊണ്ട് ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റും പരിസരവും നിറഞ്ഞു. 'സ്മോക്ക് ഇന്‍' ആഘോഷങ്ങളും രാജ്യത്ത് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.
നിയമം നടപ്പായതോടെ രാജ്യത്ത് പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കാനും വീട്ടില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താനും സാധിക്കും. കുട്ടികളുടെ ദൃഷ്ടിയില്‍ പെടാത്തതോ കായിക സൗകര്യങ്ങള്‍ക്ക് സമീപമോ ഇല്ലാത്തിടത്തോളം കാലം പൊതു ഉപയോഗം അനുവദിക്കും. പ്രത്യേക കഞ്ചാവ് ക്ലബുകള്‍ക്ക് ജൂലൈ 1 മുതല്‍ പരിമിതമായ അടിസ്ഥാനത്തില്‍ കഞ്ചാവ് വളര്‍ത്താനും വാങ്ങാനും അനുവദിക്കും. ക്ലബുകളില്‍ 500 അംഗങ്ങള്‍ വരെ ഉണ്ടാകാം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് നിരോധനം തുടരും. നിയമം നടപ്പാക്കുന്നതിനെതിരെ ജർമന്‍ പൊലീസ് യൂണിയന്‍ നിലപാട് സ്വീകരിച്ചിരുന്നു. കഞ്ചാവ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമല്ല ജർമനി. പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്ക്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.