ADVERTISEMENT

ലണ്ടൻ ∙ ഏപ്രിൽ 13-ന് യുകെ മലയാളികൾക്ക് മനോഹരമായ ഒരു സാംസ്കാരിക കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കുകയാണ്. വടക്കൻ കേരളത്തിലെ സമ്പന്നമായ തെയ്യം കലാരൂപത്തെ ആസ്പദമാക്കിയുള്ള യുകെയിലെ മലയാളി അസോസിയേഷൻ ഓഫ് യുകെ (എംഎയുകെ) യുടെ നാടക ട്രൂപ്പായ ദൃശ്യകലയുടെ 21-ാമത് നാടകമായ 'തെയ്യം' അരങ്ങേറുന്ന ദിവസമാണന്ന്. യുകെയിലെ ആദ്യ മലയാളി സംഘടനായ എംഎയുകെ രജിസ്റ്റർ ചെയ്തതിന്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആണ് ‘തെയ്യം’ നാടകം പ്രദർശനം ആരംഭിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ The Campion School Hornchurch RM11 3BX -ൽ വെച്ചാണ് നാടകം പ്രദർശിപ്പിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 07941024129, 07961454644 തുടങ്ങിയ നമ്പരുകളിൽ വിളിക്കാവുന്നതാണ്. ഓൺലൈനിൽ ബുക്ക് ചെയ്യാൻ https://www.mauk.org/buy-your-tickets എന്ന ലിങ്ക് വഴി പ്രവേശിക്കാം. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും നാടകം അവതരിപ്പിക്കാൻ ദൃശ്യകല ഒരുക്കമാണെന് ഭാരവാഹികൾ അറിയിച്ചു.

∙ 'തെയ്യം' നാടകം:
1989-ൽ MAUK സ്ഥാപിച്ച യു. കെ. യിലെ പ്രശസ്തനാടക സമിതിയായ ദൃശ്യകല, MAUK യുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റപന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളൽക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെൽക്കൃഷിയുടേയും കഥകൾ നാടകമാക്കിയിട്ടുള്ള ദൃശ്യകല ഇക്കുറി തെയ്യം കഥകൾ നാടക വിഷയമാക്കുന്നുണ്ട്. ഉത്തരകേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ച അനുഷ്ഠാന കലയാണ് തെയ്യം. തനത് പ്രാക്തന സംസ്കാരത്തിന്റെ ഈടുവയ്പുകളായി നിറഞ്ഞാടുന്ന തെയ്യക്കോലങ്ങൾക്ക് പാടാനും, പറയാനും കഥകളേറെയുണ്ട്. നൂറ്റാണ്ടുകൾക്ക്മുൻപ് നിലനിന്നിരുന്ന ജന്മിത്ത അടിമത്ത വ്യവസ്ഥിതിയുടെ കരാളനീതിയിൽ ഉരുത്തിരിഞ്ഞ അളവറ്റ കണ്ണീർക്കഥകൾ. മുച്ചിലോട്ടുഭഗവതി, മരുതിയോടൻ കുരിക്കൾ, കതിവന്നൂർ വീരൻ, മാക്കപ്പോതി, മനയിൽപ്പോതി, മാപ്പിള തെയ്യം, കാപ്പാട് ദൈവത്താർ എന്നിങ്ങനെ അസംഖ്യം തെയ്യക്കോലങ്ങളും, തെയ്യത്തോറ്റങ്ങളും കൊണ്ട് ഉത്സവരാവുകൾ  നിറയ്ക്കുന്ന ഉത്തര കേരളഭൂമിയുടെ കഥകൾ.

ചിരപുരാതനമായ മാണിയോട്ടുമനയിലെ മൂത്തനംബൂതിരിയുടെ ഒരേയൊരു മകളായ ഉച്ചില. പതിനഞ്ചാം വയസ്സിൽ തന്നെ പേരുകേട്ട പെരിഞ്ചെല്ലൂർ ഗുരുകുലത്തിൽ നിന്നും വേദങ്ങളിലും ശാസ്ത്രങ്ങളിലും, കാവ്യാ മീമാംസകളിലും മഹാപാണ്ഡിത്യം നേടിയവളാണ് ഉച്ചില. ഒരിക്കൽ മഹാപണ്ഡിതനും, അറിവിന്റെ പരാപാരാവായ  പേരുകേട്ട പേരെഴും പെരിചെല്ലൂർ പണ്ഡിതരോട് തർക്കശാസ്ത്രത്തിൽ എതിരിടാൻ പയ്യന്നൂർ മണിഗ്രാമത്തിൽ ആരെങ്കിലുമുണ്ടെൽ കൂട്ടിക്കൊണ്ടുവരാൻ നാടുവാഴിക്ക് കുറിമാനം കൊടുത്തയക്കുന്നു. നാടുവാഴി ഉച്ചിലയെ സമീപിച്ച് കാര്യം ബോധിപ്പിയ്ക്കുകയും ഉച്ചില പണ്ഡിതരുമായി തർക്കത്തിൽ ഏർപ്പെടാമെന്ന് സമ്മതിയ്ക്കുകയും ചെയ്യുന്നു. രയരമംഗലം സഭയിൽ വച്ച് നടന്ന തർക്കത്തിൽ നിരവധിപ്രാവശ്യം ഉച്ചില പണ്ഡിതരെ പരാജയപ്പെടുത്തുകയും ഒടുവിൽ യുക്തിവാദകൊണ്ട് ഉച്ചിലയെ പരാജയപ്പെടുത്താൻ സാധിയ്ക്കില്ലന്ന് മനസ്സിലാക്കിയ പണ്ഡിതർ ചതിയ്ക്കുന്ന ഒരു ചോദ്യത്തിലൂടെ ഉച്ചിലയെ മാനസികമായി പീഡിപ്പിയ്ക്കുകയും, അപമാനിയ്ക്കുകയും ചെയ്യുന്നു. ഒടുവിൽ സമുദായത്തിൽ നിന്നും ഭ്രഷ്ട് കല്പിച്ചു നാടുകടത്തിയ ഉച്ചില അഗ്‌നികുണ്ഠത്തിൽ വിലയംപ്രാപിയ്ക്കുകയും തെയ്യമായി ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നു. ഉച്ചിലയാണ് മുച്ചിലോട്ടുഭഗവതി തെയ്യമായി മാറിയതെന്ന് ഐതീഹ്യം.

പൂത്തില്ലം പെരിയതംബ്രാന്റെ അടിയനായ ആണൊരുത്തൻ കുഞ്ഞിവിരുന്തനെക്കൊതിച്ച ചെറിയക്കുട്ടി തമ്പുരാട്ടിയുടെ ആഗ്രഹത്തിന്‌ വഴങ്ങാൻ തയ്യാറാകാതിരുന്ന കുഞ്ഞിവിരുന്തനെ നൈരാശ്യവും, പകയും മൂത്ത ചെറിയക്കുട്ടി തമ്പുരാട്ടി കള്ളക്കഥയുണ്ടാക്കി തമ്പ്രാന്റെ ശിങ്കിടികളായ മല്ലന്മാരെക്കൊണ്ട് തൊഴിച്ചവശനാക്കി മരുതു മരത്തിൽ തൂക്കികൊല്ലുകയും  തെയ്യമായി മാറിയ കുഞ്ഞിവിരുന്തൻ പ്രതികാരദാഹിയായിമാറുകയും തമ്പുരാനെ ചവിട്ടിക്കൊലപ്പെടുത്തുകയും ചെയ്യുന്നു. തെയ്യമായി മാറിയ കുഞ്ഞിവിരുന്തൻ മരുതിയോടാൻ കുരിക്കൾ എന്നറിയപ്പെടുന്നു. നാടകത്തിന്റെ ആദ്യഭാഗം ഈ രണ്ടുതെയ്യങ്ങളുടെ ഉത്ഭവകഥയും, രണ്ടാം ഭാഗം തെയ്യംകെട്ട് തൊഴിലാക്കിയ ഒരുകൂട്ടം പച്ചയായ മനുഷ്യരുടേയും, തെയ്യം എന്ന അനുഷ്‌ഠാന കലയെ തന്റെ പ്രശസ്തിയ്ക്കും ധനസമ്പാദനത്തിനുമായി ഉപയോഗിയ്ക്കുന്ന തമ്പുരാന്റെയും കഥ പറയുന്നു.

നിരവധി നാടകകലാകാരെ പരിചയപ്പെടുത്തിയിട്ടുള്ള ദൃശ്യകല ഇക്കുറി നാഷ് റാവുത്തർ, റാണി രഘുലാൽ, ശ്രേയാ മേനോൻ എന്നിവരെ പരിചയപ്പെടുത്തുനനു. ഇവരോടൊപ്പം യു കെ യിലെ പ്രശസ്തരായ ബാബു സൈമൺ, ജെയ്‌സൺ ജോർജ്ജ്, കീർത്തി സോമരാജൻ, ജെയിൻ കെ ജോൺ, ജിതിൻ, വി. മുരളീധരൻ, വക്കമം ജി സുരേഷ്‌കുമാർ, നിഹാസ് റാവുത്തർ, ശ്രീ വത്സലൻ, സുനിത് സുരേന്ദ്രൻ, മഞ്ജു മന്ദിരത്തിൽ, ബീനാ പുഷ്കാസ്, ബിറ്റു തോമസ്, പ്രീനാ പിളള, എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.

സംഗീതം: പ്രണവം മധു, സംഗീത നിയന്ത്രണം: ജോയി ഗോപി, രംഗശില്പം: വിജയൻ കടമ്പേരി , രംഗസജ്ജീകരണം അജി ഗംഗധരൻ, സാംബശിവൻ, ജസ്റ്റിൻ സൈമൺ, ദീപവിതാനം: സുഭാഷ് കുമാർ , ശബ്ദം: അപ് ബീറ്റ്‌സ് ലണ്ടൻ, ശബ്ദ നിയന്ത്രണം: ജീസൺ കടവിൽ, റിക്കോർഡിങ്: രാജീവ് ശിവ, നാടക മാനേജർ: ശ്രീവത്സലൻ പിള്ള, തെയ്യക്കോലം നിർമ്മാണം: ആർട്ടിസ്റ്റ് ഏ . ജീ. കുളമട, തെയ്യം കെട്ടുന്നവർ: ഡോണ, സ്നേഹ സുദേശൻ. നാടകരചന: രാജൻ കിഴക്കനേല, സംവിധാനം: ശശി. എസ്. കുളമട, അവതരണം: ദൃശ്യകല എംഎയുകെ.

English Summary:

UK 'MAUK' Drama 'Theyam' on April 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com