യുകെയിൽ ഭാര്യയെ കൊലപ്പെടുത്തി ഇരുന്നൂറോളം കഷണങ്ങളാക്കി; യുവാവിന് 19 വർഷം തടവ്
Mail This Article
ലണ്ടൻ∙ യുകെയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തി ഇരുന്നൂറോളം കഷണങ്ങളാക്കിയ 28 കാരന് 19 വർഷവും 316 ദിവസവും ജയിൽ ശിക്ഷ വിധിച്ചു ലിങ്കൺ ഷെയർ ക്രൗൺ കോടതി. ഭാര്യ ഹോളി ബ്രാംലിയെ (26) അതി ക്രൂരമായി കൊലപ്പെടുത്തിയ നിക്കോളാസ് മെറ്റ്‌സണ് (28) ആണ് ഏകദേശം 20 വർഷത്തിനടുത്ത് ജയിൽ ശിക്ഷ ലഭിച്ചത്. 2023 മാർച്ചിലായിരുന്നു അതിക്രൂരമായ കൊലപാതകം നടന്നത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ലിങ്കൺ ഷെയർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആഴ്ചകളോളം ആരോപണങ്ങൾ നിഷേധിച്ചതിനു ശേഷമാണ് നിക്കോളാസ് മെറ്റ്‌സൺ കുറ്റസമ്മതം നടത്തിയത്.
ഭാര്യയയുമായി വേർപിരിയലിന്റെ വക്കിൽ എത്തിയതിനെ തുടർന്നാണ് നിക്കോളാസ് കൊലപാതകം നടത്തിയത്. കൊലപാതകം നടക്കുന്നതിന് 16 മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കൊലപാതകത്തെ തുടർന്ന് കഷണങ്ങളാക്കിയ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി അടുക്കളയിലെ ഫ്രിഡ്ജിൽ ഒരാഴ്ച സൂക്ഷിച്ചു. പിന്നീട് ഇതു നീക്കം ചെയ്യാൻ സുഹൃത്തായ ജോഷ്വ ഹാൻഹോക്കിന്റെ (29) സഹായം തേടുകയും ഇയാൾക്ക് 50 പൗണ്ട് നൽകുകയും ചെയ്തു. തുടർന്ന് അടുത്തുള്ള നദിയിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. ജോഷ്വ ഹാൻഹോക്കിനെ കോടതി മൂന്ന് വർഷവും മൂന്ന് മാസവും തടവിന് വിധിച്ചു.