'വർഷങ്ങൾക്കുശേഷം' യുകെയിലെ തിയറ്ററുകളിൽ; മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ 18 മുതൽ
Mail This Article
ലണ്ടൻ ∙ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം’ യുകെയിലെ തിയറ്ററുകളിൽ എത്തി. കേരളത്തിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി പ്രദർശനം ആരംഭിക്കുന്നത് ഏപ്രിൽ 18 നാണ്. എന്നാൽ ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളി പ്രേക്ഷകർക്ക് വേണ്ടി ഇന്ന് യുകെയിലെ 8 തിയറ്ററുകളിൽ പ്രദർശനം ഉണ്ടാകും. ഫഹദ് ഫാസിൽ ചിത്രമായ 'ആവേശം' റിലീസ് ദിവസമായ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലെ 250 ൽ അധികം തിയറ്ററുകളില്‍ പ്രദർശനം ആരംഭിച്ചതിനാലാണ് 'വർഷങ്ങൾക്കു ശേഷം' 18 മുതൽ എത്തുന്നത്.
യുകെയിലെ ബാൻമ്പറി, ബോൾട്ടൻ, കേബ്രിജ്, വിസ്‌ബെച്ച്, റെഡ് ഹിൽ, ന്യൂ ബ്രെട്ടൻ, വാൾസാൽ, ലെസ്റ്റർ എന്നിവിടങ്ങളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക. ലെസ്റ്ററിൽ പിക്കാഡിലി തിയറ്റർ വഴിയും മറ്റിടങ്ങളിൽ ലൈറ്റ് സിനിമാസ് വഴിയുമാണ് ഇന്ന് വൈകുന്നേരം മുതൽ പ്രദർശനം ആരംഭിക്കുക. യുകെ ഉൾപ്പടെയുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഏപ്രിൽ 18 മുതൽ മാത്രമാണ് വ്യാപക പ്രദർശനം ഉണ്ടാവുക എന്നാണ് നേരത്തെ സിനിമയുടെ വിതരണ ചുമതല ലഭിച്ച ആർഎഫ്ടി ഫിലിംസ് അറിയിച്ചിരുന്നത്. എന്നാൽ മലയാളി പ്രേക്ഷകരുടെ അഭ്യർഥനകളെ തുടർന്ന് യുകെയിലെ 8 ഇടങ്ങളിൽ റിലീസ് ദിവസം തന്നെ 'വർഷങ്ങൾക്കു ശേഷം' പ്രദർശനം നടത്താൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ 'വർഷങ്ങൾക്കു ശേഷം' ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ പോസിറ്റിവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ പകുതി ഇമോഷനിൽ നിറയുമ്പോൾ രണ്ടാം പകുതിയിൽ നിവിന്‍ പോളി അടക്കമുള്ള അതിഥി താരങ്ങളുടെ പ്രകടനമാണ് ആകർഷണമാകുന്നത്. ഭൂരിഭാഗം ആളുകളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഫീൽ ഗുഡ് സിനിമയാണ് ഇതെന്നും കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം, ആർട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോഷ്യേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് ബിജിത്ത്, പർച്ചേസിങ് മാനേജർ ജയറാം രാമചന്ദ്രൻ, വരികൾ: ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ. ഓഡിയോഗ്രാഫി വിപിൻ നായർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ. ത്രിൽസ് രവി ത്യാഗരാജൻ, കളറിസ്റ്റ് ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, ടൈറ്റിലർ ജെറി, സബ് ടൈറ്റിൽസ് വിവേക് രഞ്ജിത്ത്.