മദ്യലഹരിയിൽ വിമാനത്തിൽ വച്ച് ഭാര്യയെ ആക്രമിച്ചു; ആരോപണം നിഷേധിച്ച് ഗ്ലാമർ മോഡൽ സാമന്ത ഫോക്സ്
Mail This Article
ലണ്ടൻ∙ ഹീത്രൂവിൽ നിന്ന് മ്യൂണിക്കിലേക്കുള്ള ബ്രിട്ടിഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ഭാര്യയെ ആക്രമിച്ചുവെന്ന ആരോപണം ഗ്ലാമർ മോഡലും പോപ്‌സ്റ്റാറുമായ സാമന്ത ഫോക്‌സ് (57) നിഷേധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 3 നാണ് സാമന്ത ഭാര്യ ലിൻഡ ഓൾസനെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് വിമാനം നിശ്ചയിച്ച സമയം കഴിഞ്ഞാണ് ടേക്ക് ഓഫ് ചെയ്തത് . കേസിൽ സാമന്ത ഫോക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥയെ മദ്യലഹരിയിലായിരുന്ന സാമന്ത ഭീഷണിപ്പെടുത്തി.
അക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വേളയിൽ സാമന്ത ഫോക്‌സ് മദ്യപിച്ച് വിമാനത്തിൽ പ്രശ്നമുണ്ടാക്കിയതും പൊലീസ് കോൺസ്റ്റബിൾ ആഷ്‌ലി സ്മിത്തിനെ ഭീഷണിപ്പെടുത്തിയതും സമ്മതിച്ചു. അതേസമയം, ഭാര്യ ലിൻഡ ഓൾസനെ ആക്രമിച്ചുവെന്ന് കുറ്റം നിഷേധിച്ചു. ഇനി സെപ്റ്റംബർ രണ്ടിന് സാമന്തയെ കോടതിയിൽ വിചാരണയ്ക്കായി ഹാജരാക്കും.കഴിഞ്ഞ വർഷം സഹോദരി വനേസ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത് സാമന്ത ഫോക്സിനെ മാനസികമായി തളർത്തിയിരുന്നു.
മുൻ പങ്കാളിയായ മൈറ സ്ട്രാറ്റൺ കാൻസർ ബാധിച്ച് മരിച്ച് ഒരു വർഷത്തിന് ശേഷം 2016 ലാണ് സാമന്ത ഫോക്സ് ലിൻഡ ഓൾസനുമായി ഡേറ്റിങ് ആരംഭിച്ചത്. 2022 ജൂണിൽ എസെക്‌സിലെ എപ്പിങ് ഫോറസ്റ്റിലുള്ള കിങ്സ് ഓക്ക് ഹോട്ടലിൽ നടന്ന ആഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.