യുകെയിൽ ഡെലിവറി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിന് 122 വർഷം തടവ് ; പ്രതികളും ഇരയും ഇന്ത്യൻ വംശജർ
Mail This Article
ലണ്ടൻ∙ യുകെയിൽ പാഴ്‌സൽ ഡെലിവറി ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിന് 122 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഇന്ത്യൻ വംശജൻ ഓര്‍മാന്‍ സിങിനെ (23) മഴുവും, ഹോക്കി സ്റ്റിക്കും, കത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് പ്രതികൾ കൊലപ്പെടുത്തിയത്. പരസ്യമായി നടത്തിയ വധശിക്ഷ പോലെയാണ് കൊലപാതകം തോന്നിച്ചതെന്ന് വ്യക്തമാക്കിയാണ് സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതി ജഡ്ജ് ക്രിസ്റ്റിന മോണ്ട്ഗോമറി പ്രതികൾക്ക് 122 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ആര്‍ഷിദീപ് സിങ് (24), ജഗ്ദീപ് സിങ് (23), ശിവ്ദീപ് സിങ് (26), മഞ്ജോത് സിങ് (24), സുക്മന്ദീപ് സിങ് (24) എന്നിവരെയാണ് വിചാരണയില്‍ കുറ്റവാളികളായി കണ്ടെത്തിയത്.
ആദ്യ നാല് പ്രതികൾക്ക് 28 വർഷം വീതവും അഞ്ചാം പ്രതിക്ക് 10 വർഷവുമാണ് ജയിൽ ശിക്ഷ അനുഭവിക്കേണ്ടത്. ഷ്രൂസ്ബറിയിലെ തെരുവിലാണ് ഗുണ്ടാ സംഘത്തിന്‍റെ അക്രമത്തിന് വിധേയനായ ഓര്‍മാന്‍ സിങ് മരണത്തിന് കീഴടങ്ങിയത്. പാഴ്‌സൽ എത്തിച്ചു നൽകുന്ന ടീമിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയില്‍ നിന്നും വിവരം ലഭിച്ച ശേഷമാണ് ഡെലിവറി റൂട്ടില്‍ വെച്ച് അക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മഴു ഉപയോഗിച്ചുള്ള അക്രമത്തില്‍ തലയോട്ടിക്ക് ഉള്ളില്‍ വരെ മുറിവ് ഉണ്ടായെന്ന് കേസ് അന്വേഷിച്ച വെസ്റ്റ് മേഴ്‌സിയ പൊലീസ് പറഞ്ഞു. എന്നാൽ കൃത്യം നടത്താനുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.