ഡെന്മാര്ക്കില് 400 വര്‍ഷം പഴക്കമുള്ള കെട്ടിടം കത്തി നശിച്ചു
Mail This Article
കോപന്‍ഹേഗന്‍ ∙ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപന്‍ഹേഗനില്‍ 400 വര്‍ഷം പഴക്കമുള്ള കെട്ടിടം തീപിടിത്തത്തില്‍ കത്തിയമര്‍ന്നു. സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന നിര്‍മിതികളിലൊന്നായ ഈ കെട്ടിടത്തിലാണ് കോപന്‍ഹേഗനിലെ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
ബോഴ്സന്‍ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കെട്ടിടം 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് എന്ന് പറയപ്പെടുന്നു. ചരക്കുകളുടെ വ്യാപാരത്തിനായി 1624ല്‍ ഭാഗികമായും വര്‍ഷങ്ങള്‍ കഴിഞ്ഞ് പൂര്‍ണമായും സജ്ജമായ കെട്ടിടം 1974 വരെ ഓഹരി വിപണിയായി പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ച പഴയ പെയിന്റിങ്ങുകളടക്കം സംരക്ഷിക്കാന്‍ സാധിച്ചെന്നാണ് സൂചന. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡെന്മാര്‍ക്ക് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. കാരണം അറിവായിട്ടില്ല.
തീപിടിത്തം ഉണ്ടാകുമ്പോള്‍ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. 19-ാം നൂറ്റാണ്ടില്‍ നടത്തിയ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ശരിയാക്കുകയും കെട്ടിടത്തിന്റെ മുന്‍ഭാഗം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് പുനരുദ്ധാരണത്തിന്റെ ലക്ഷ്യം.