പുകവലിയ്ക്കാത്ത തലമുറയെ സൃഷ്ടിക്കാൻ കർശന നടപടികളുമായി ബ്രിട്ടൻ; നിരോധനത്തിന് പുതിയ നിയമം
Mail This Article
ലണ്ടൻ ∙ പുകവലിയ്ക്കാത്ത പുതിയ തലമുറയെ സൃഷ്ടിക്കാൻ നിയമ നിർമാണം നടത്തി ബ്രിട്ടൻ. ഘട്ടം ഘട്ടമായി പുകവലി നിരോധനം നടപ്പിലാക്കി ആരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സിഗരറ്റ് വാങ്ങാൻ നിയമപരമായി അനുവദിക്കുന്ന പ്രായപരിധി ഓരോ വർഷവും ഉയർത്തി വളരുന്ന തലമുറയെ ഇതിൽനിന്നും അകറ്റി നിർത്താനാണ് ബ്രിട്ടന്റെ കർമ പരിപാടി. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ സ്വപ്ന പദ്ധതി 2027-ൽ പ്രാബല്യത്തിലാകും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഈ നടപടിക്ക് ബലം നൽകാനുള്ള നിയമവും ചട്ടവും ഇന്നലെയാണ് ബ്രിട്ടിഷ് പാർലമെന്റ് പാസാക്കിയത്.
നിലവിൽ ബ്രിട്ടനിൽ സിഗരറ്റ് വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. പുതിയ നിയമമനുസരിച്ച് ഇത് വർഷം തോറും ഓരോ വയസു കൂടും. അതോടെ 2009-ലോ അതിനു ശേഷമോ ജനിച്ചവർക്ക് നിയമപരമായി സിഗരറ്റ് വാങ്ങാൻ സാധിക്കാത്ത സ്ഥിതിയുണ്ടാകും. നിലവിൽ സിഗരറ്റ് വാങ്ങാൻ സാധിക്കുന്നവർക്ക് നിയമം മൂലം ബുദ്ധിമുട്ട് ഉണ്ടാകില്ല. എന്നാൽ പുതിയ തലമുറയ്ക്ക് ഇത് അന്യമാകും.
പ്രായപരിധി ലംഘിച്ച് സിഗരറ്റ് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടികൾക്കും നിയമത്തിൽ വ്യവസ്ഥയുണ്ട്. 18 വയസ്സിൽ കുറഞ്ഞ പ്രായക്കാർക്ക് സിഗരറ്റോ ഇലക്ട്രോണിക് സിഗരറ്റോ വിറ്റാൽ കടക്കാരന് 100 പൗണ്ട് പിഴ ലഭിക്കും. ഇതിനു പുറമെ കോടതി വക 2500 പൗണ്ട് പിഴ പിന്നാലെയും ലഭിക്കും. ഇതിനുള്ള പരിശോധനകൾ കർശനമാക്കാൻ ലോക്കൽ അതോറിറ്റികൾക്ക് കൂടുതൽ തുക അനുവദിക്കും.
കരിഞ്ചന്തയിൽ സിഗരറ്റ് വിൽപന തടയാനുള്ള നടപടികൾ ശക്തമാക്കാൻ ലോക്കൽ അതോറിറ്റികൾക്ക് 30 മില്യൻ പൗണ്ടിന്റെ ഫണ്ടാണ് സർക്കാർ നീക്കിവയ്ക്കുന്നത്. ബ്രിട്ടനിലെ ഡ്യൂട്ടി ഫ്രീകളിലും പുതിയ നിയമം ബാധകമായിരിക്കും. എന്നാൽ വിദേശങ്ങളിൽനിന്നും അതതു രാജ്യത്തെ നിയമമനുസരിച്ച് വാങ്ങുന്ന സിഗരറ്റുകൾ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന് യാത്രക്കാർക്ക് തടസമുണ്ടാകില്ല. സ്കോട്‌ലൻഡ്, വെയിൽസ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളെക്കൊണ്ട് സമാനമായ നിയമം പാസാക്കി നിരോധനം രാജ്യവ്യാപകമാക്കാനുള്ള നടപടികളും പ്രധാനമന്ത്രി സ്വീകരിക്കുന്നുണ്ട്.
കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദയാഘാതം എന്നിവയ്ക്കെല്ലാം പ്രധാനമായും കാരണം പുകവലിയാണെന്ന കണ്ടെത്തലാണ് ഇതിനെതിരെ കർശന നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. സിഗരറ്റ് പുറന്തള്ളുന്ന കാർമൺ മോണോക്സൈഡ്, ലെഡ്, അമോണിയ എന്നിവ അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണം നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. സിഗരറ്റ് വലിമൂലം രാജ്യത്ത് വർഷംതോറും 80,000 ആളുകൾ മരിക്കുന്നു എന്നാണ് കണക്കുകൾ. ഈ രോഗികളെ ചികിൽസിക്കാൻ എൻഎച്ച്എസ് ചിലവഴിക്കുന്നത് വർഷം തോറും 17 ബില്യൻ പൗണ്ടാണ്. പുതിയ നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപംകൊള്ളുന്ന പുക വലിയ്ക്കാത്ത പുതുതലമുറയിൽ ഹൃദയരോഗങ്ങൾ, പക്ഷാഘാതം, കാൻസർ എന്നിവയിൽ കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.