നവജാതശിശുവിനെ മാറിനല്‍കിയതായി സമ്മതിച്ച് എൻഎച്ച്എസ്; പൂൾ ഹോസ്പിറ്റലിൽ അന്വേഷണം തുടരുന്നു
Mail This Article
ഡോർസെറ്റ് ∙ യുകെയിൽ അമ്മയ്ക്ക് കുഞ്ഞിനെ മാറി നല്‍കിയതായി എൻഎച്ച്എസ് ഹോസ്പിറ്റൽ ട്രസ്റ്റ് സമ്മതിച്ചു. 2023 സെപ്റ്റംബറിൽ ഡോർസെറ്റ് പൂൾ ഹോസ്പിറ്റലിലെ പ്രസവ വാർഡിലാണ് എൻഎച്ച്എസിന് വലിയ നാണക്കേട് വരുത്തിവച്ച ഈ സംഭവം നടന്നത്. ഇതേ തുടർന്നുള്ള അന്വേഷണം നടക്കവേയാണ് ഡോർസെറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയത്.
സംഭവത്തിൽ ട്രസ്റ്റിലെ മിഡ്‌വൈഫറി ഡയറക്ടർ ലോറെയ്ൻ ടോംഗേ ഖേദം പ്രകടിപ്പിച്ചു. അന്വേഷണം നടക്കുകയാണെന്നും അതിൽ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയാണ് ട്രസ്റ്റിന് ഏറ്റവും പ്രധാനമെന്നും പൂൾ ആശുപത്രിയിൽ നടന്ന സംഭവം ഒറ്റപ്പെട്ടതാണെന്നും ലോറെയ്ൻ ടോംഗേ വ്യക്തമാക്കി.
ഡോർസെറ്റിലെ പൂൾ ഹോസ്പിറ്റൽ, റോയൽ ബോണ്‍മൗത്ത് ഹോസ്പിറ്റൽ, ക്രൈസ്റ്റ് ചർച്ച് ഹോസ്പിറ്റൽ എന്നീ മൂന്ന് ആശുപത്രികളാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ഡോർസെറ്റ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്നത്. എന്നാൽ, 2023 മാർച്ചിൽ കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ പരിശോധനയിൽ ട്രസ്റ്റ് നടത്തുന്ന ചില സേവനങ്ങളിൽ പുരോഗതി ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. നാഷനൽ മെറ്റേണിറ്റി സർവീസ് ഇൻസ്പെക്ഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി പൂൾ ഹോസ്പിറ്റലിന്‍റെ പ്രസവ സേവനം പരിശോധിച്ച സിക്യൂസി, അതിനെ "അപര്യാപ്തമായത്" എന്ന് വിലയിരുത്തിയിരുന്നു.