അയര്ലൻഡിൽ വിഷു ആഘോഷിച്ച് സത്ഗമയ
Mail This Article
ഡബ്ലിൻ∙ വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപുണ്യമുള്ളവരുടെ കയ്യിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി മാറി.അയർലൻഡിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഗ് ഡബ്ലിൻ ലൂക്കൻ സാർസ്ഫീൽഡ്സ് ജിഎഎ ക്ലബ്ബിൽ ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയും മുതിർന്ന അംഗങ്ങളായ രാധാകൃഷ്ണൻ, ജയ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. പങ്കെടുത്ത എല്ലാവർക്കും ആചാര്യൻ നൽകിയ കൈനീട്ടവും, ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായുള്ള പ്രത്യേക പ്രാർഥനയിലും വിഷു സദ്യയിലും പങ്കു ചേർന്ന പ്രവാസി മലയാളികൾക്ക് ദീപ്തമായ ഓർമകളാണ് സത്ഗമയ സമ്മാനിച്ചത്.
ഷഷ്ടി പൂർത്തി ആഘോഷിക്കുന്ന രാമൻ നമ്പൂതിരിയെ വിനോദ് ഓസ്കാറും, വസന്തും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. അനിൽകുമാർ സ്വാഗതവും പ്രദീപ് നമ്പൂതിരി വിഷുസന്ദേശവും നൽകുകയും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഭക്തിഗാനാമൃതം,രശ്‌മി വർമ്മ നേതൃത്വം നൽകിയ ക്വിസ് മത്സരവും പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകി. ബിന്ദു രാമന്‍റെ നേതൃത്വത്തിൽ പുതിയ മാതൃവേദി രൂപീകരിക്കുകയും, ബാലഗോകുലത്തിന്‍റെ ഈ വർഷത്തെ രജിസ്‌ട്രേഷൻ ആരംഭിക്കുകയും ചെയ്‌തു. പരിപാടികളിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും രജത് വർമ്മ നന്ദി പ്രകാശിപ്പിച്ചു. പ്രസാദവിതരണത്തെ തുടർന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു. എല്ലാ മാസവും ഡബ്ലിനിൽ നടക്കുന്ന പ്രാർഥനാ കൂട്ടായ്മയിലും, കുട്ടികൾക്കായുള്ള ബാലഗോകുലത്തിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ 0877818318, 0892510985, 0852669280 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.