ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്‌വ് സമാപിച്ചു
Mail This Article
ബർമിങ്ഹാം∙ ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത് കുടുംബ സംഗമം 'വാഴ്‌വ് 2024' സമാപിച്ചു. യുകെയിലെ 15 ക്നാനായ മിഷനിലെ വിശ്വാസികൾ ബർമിങ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്‍ററിൽ ഒത്തുചേർന്ന ഈ സംഗമത്തിന് ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടും ബിഷപ് മാർ കുര്യൻ വയലുങ്കലും മുഖ്യാഥിതികളായി. ബിഷപ്പുമാരെ ചെണ്ടമേളം, സ്കോടിഷ് ബാൻഡ്, വെഞ്ചാമരം എന്നിവയുടെ അകമ്പടിയോടെ ക്നാനായ ജനം ആവേശത്തോടെ വരവേറ്റു.
ആരാധനയെ തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ യുകെയിലെ മുഴുവൻ ക്നാനായ വൈദികരും, ബെൽജിയത്തിൽ നിന്നുള്ള ഫാദർ ബിബിൻ കണ്ടോത്തും, ജർമനിയിൽ നിന്നുള്ള ഫാദർ സുനോജ് കുടിലിലും സഹകാർമ്മികരായിരുന്നു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ യുകെയിലെ ക്നാനായ വികാരി ജനറാൾ ബഹുമാനപ്പെട്ട ഫാദർ സജി മലയിൽ പുത്തൻപുര അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എബി നെടുവാമ്പുഴ ഏവർക്കും സ്വാഗതം ആശംസിച്ചു. മാർ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, അൾജീരിയ, തുനീസിയ എന്നിവിടങ്ങളിൽ അപ്പൊസ്തോലിക് ന്യൂൺഷ്യോ ആയി സേവനമനുഷ്ഠിക്കുന്ന ബിഷപ് മാർ കുര്യൻ വയലുങ്കൽ, കോട്ടയം അതിരൂപത കെസിവൈഎൽ പ്രസിഡന്‍റ് ജോണീസ് സ്റ്റീഫൻ എന്നിവരും മിഷൻ പ്രതിനിധികളും വേദിയിൽ സന്നിഹിതരായിരുന്നു.
ക്നാനായ സിംഫണി, ഭക്തി സാന്ദ്രമായ ക്വയർ, ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ, മാർ മാത്യു മൂലക്കാട്ടിനോടും വൈദികരോടും ഒപ്പമുള്ള ബറുമറിയം ആലാപനം തുടങ്ങിയവ ബർമിങ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്‍ററർ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ക്നാനായ ജനങ്ങൾക്ക് സന്തോഷ വിരുന്നൊരുക്കി.